Friday, July 30, 2010

കള്ളവാദങ്ങള്‍ക്കുമീതെ പാത വികസിപ്പിക്കുമ്പോള്‍

മാധ്യമം ദിനപത്രത്തില്‍ (30-07-2010) ഹാഷിം ചേന്ദാമ്പിള്ളി എഴുതിയ ലേഖനം.

ശിലയാക്കപ്പെട്ട അഹല്യക്ക് ലഭിച്ച മോക്ഷസാഫല്യം ഓര്‍മിപ്പിക്കുന്നതായിരുന്നു കേരളത്തിലെ ദേശീയപാതകളായ എന്‍.എച്ച്-17ഉം 47ഉം ബി.ഒ.ടി വ്യവസ്ഥയില്ലാതെ 30 മീറ്റര്‍ വീതിയില്‍ നാലു വരിപ്പാതകളായി വികസിപ്പിക്കണമെന്ന കഴിഞ്ഞ ഏപ്രില്‍ 20ലെ സര്‍വകക്ഷി യോഗതീരുമാനവും തൊട്ടടുത്ത ദിവസത്തെ മന്ത്രിസഭാ തീരുമാനവും. കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യത്തോട് പ്രധാനമന്ത്രിയും വകുപ്പ് മന്ത്രി കമല്‍നാഥും അനുകൂലമായി പ്രതികരിച്ചതോടെ നമ്മുടെ ദേശീയ പാതകള്‍ മോക്ഷം പ്രാപിച്ച് ഉടന്‍ നാലുവരിപ്പാതകളായിമാറുമെന്ന് സര്‍വരും ഉറപ്പിച്ചു. ഒടുവിലിതാ ഒന്നിനു പിറകെ ഒന്നായി എല്ലാവരും ജനങ്ങളെ വഞ്ചിച്ച് കേരളത്തിന്റെ ജനകീയാവശ്യം നിരാകരിച്ചിരിക്കുന്നു.

സര്‍വകക്ഷിനീക്കത്തില്‍ കേരളം ആശ്വസിച്ചത് കുടിയൊഴിപ്പിക്കലിന് പരിഹാരമായി എന്നു കരുതിയാണ്. എന്‍.എച്ച്-17ലെ വാളയാര്‍ മുതല്‍ കളിയിക്കാവിള വരെ 30 മീറ്ററോ അതില്‍ കൂടുതലോ സ്ഥലം ഇപ്പോള്‍തന്നെ ഏറ്റെടുത്തിട്ടുണ്ട്. ഒമ്പതു മീറ്ററിലേ റോഡു നിര്‍മിച്ചുള്ളൂ എന്നു മാത്രം. ഇടപ്പള്ളി മുതല്‍ കാസര്‍കോട് വരെയുള്ള പകുതിയോളം ഭാഗത്ത് 30 മീറ്ററില്‍ കൂടുതലും ബാക്കി ഭാഗത്ത് 20 മീറ്ററോളവും സ്ഥലം ഇപ്പോള്‍തന്നെയുണ്ട്. എന്നിട്ടും പലയിടത്തും ഈ ഹൈവേയുടെ വീതി ആറു മീറ്റര്‍ മാത്രമാണ്. ഈ ദുഃസ്ഥിതിയില്‍ നിന്ന് 30 മീറ്റര്‍ നാലു വരിപ്പാത എന്ന പദ്ധതി വലിയ ഒരു വികസന കുതിപ്പുതന്നെയായിരുന്നു. ചിലര്‍ പ്രചരിപ്പിക്കുംപോലെ ഹൈവേയുടെ വീതി കുറക്കുകയല,്‌ള അഞ്ചിരട്ടിയോളം കൂട്ടുകയാണ് സര്‍വകക്ഷി തീരുമാനത്തിലൂടെ ഉണ്ടായതെന്നര്‍ഥം. 

ബി.ഒ.ടി എന്ന കഴുത്തറുപ്പന്‍ റോഡ്‌വ്യവസായത്തിന്റെ മാനദണ്ഡമാണ് 45 മീറ്റര്‍ എന്നത്. കുടിയൊഴിപ്പിക്കുന്നത് എത്രവീതിയിലായാലും നിര്‍മിക്കുന്ന നാലുവരിപ്പാതയുടെ വീതി 14 മീറ്റര്‍ മാത്രമാണെന്നത് രേഖകളില്‍നിന്ന് വ്യക്തം. മീഡിയന്‍, ഫുട്ട്പാത്ത്, യൂറ്റിലിറ്റി തുടങ്ങിയ എല്ലാ സൗകര്യങ്ങളും ദേശീയ പാത നിലവാരത്തില്‍ ഒരുക്കിയാലും, 30 മീറ്ററില്‍ ബാക്കിയാവുന്ന ഇരുവശത്തും ഓരോ വരികൂടി റോഡ് നിര്‍മിച്ച് സര്‍വീസ് റോഡിന്റെ ആവശ്യത്തിനും ഉപയോഗിക്കാം.

ഇതിലൂടെ കേരളത്തിലുടനീളം ആറുവരിപ്പാത സാധ്യമാവും. 26.5 മീറ്റര്‍ സ്ഥലം ഉപയോഗിച്ച് കൊച്ചി ഇന്‍ഫോ പാര്‍ക്കിലേക്ക് സര്‍ക്കാര്‍ നിര്‍മിച്ച ആറു വരി എക്‌സ്‌പ്രസ് വേയും തിരുവനന്തപുരത്തെ കരമന-കളിയിക്കാവിള ഭാഗത്ത് നിര്‍മാണമാരംഭിച്ച 30 മീറ്ററിലെ ആറു വരി ഹൈവേയും ഇത് സാധ്യമാണെന്നതിന് നിഷേധിക്കാനാവാത്ത തെളിവാണ്. 

കേരളത്തിലെ ദേശീയപാതകള്‍ ബി.ഒ.ടി. വ്യവസ്ഥയില്ലാതെ വികസിപ്പിച്ച് നാലുവരിപ്പാതകളാക്കാന്‍ സര്‍വകക്ഷികളും കൂടി ഐകകണ്‌ഠ്യേന തീരുമാനിച്ച അന്നു മുതല്‍ ചിലര്‍ക്ക് അങ്കലാപ്പായി. ബി.ഒ.ടിവത്കരണ അഴിമതിയിലൂടെ വന്‍ നേട്ടം പ്രതീക്ഷിക്കുന്നവരാണ് ഇവരില്‍ ഒരു കൂട്ടര്‍. ഭൂമിയുടെ കച്ചവടം നടത്തുന്നവരുടെ അഖിലേന്ത്യാ-അഖിലകേരള 'കോണ്‍ഫെഡറേഷനുകള്‍', ഫ്ലറ്റുകള്‍ നിര്‍മിച്ച് വില്‍ക്കുന്നവരുടെ 'ഫോറം', കെട്ടിടനിര്‍മാണ സാമഗ്രികളുണ്ടാക്കിയും വിറ്റും കഴിഞ്ഞുകൂടുന്നവരുടെ 'ചേമ്പര്‍', കെട്ടിടങ്ങളുടെ രൂപകല്‍പനയും നിര്‍മാണ മേല്‍നോട്ടവും കുത്തകാവകാശമാക്കിയ എന്‍ജിനീയര്‍മാരുടെ 'അസോസിയേഷന്‍' തുടങ്ങിയവരാണ് മറ്റൊരു കൂട്ടര്‍. ഭീമമായ കുടിയൊഴിപ്പിക്കലിലൂടെ പതിനായിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും ഇടിച്ച് നിരത്തുന്നതിലാണല്ലോ മേല്‍പറഞ്ഞവരുടെയെല്ലാം ബിസിനസ് സാധ്യതകള്‍.  ഇവരോടൊപ്പം പാത നിര്‍മാണ കരാറുകാരുടെ  കൂട്ടായ്മയായും ചേര്‍ന്നാണ് കേരളത്തില്‍ 45 മീറ്റര്‍ വീതിയില്‍ ബി.ഒ.ടി റോഡുകള്‍ തന്നെ വേണമെന്ന് പ്രചാരണം നടത്തുന്നത്. ജനങ്ങളെ കൂട്ടത്തോടെ വഴിയാധാരമാക്കാന്‍ വേണ്ടി തുടങ്ങിയ ആദ്യത്തെ കൂട്ടായ്മ എന്ന പേര് ഇവര്‍ക്കിരിക്കട്ടെ. 

കേരളത്തിലെ ദേശീയപാത വികസനംമൂലം 11,000 ആളുകളെ മാത്രമേ ബാധിക്കു എന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഇടപ്പള്ളി മുതല്‍ കുറ്റിപ്പുറംവരെ സര്‍ക്കാറിന് വേണ്ടി പഠനം നടത്തിയ വില്‍ബര്‍സ്മിത്ത് ഇന്ത്യ ലിമിറ്റഡ് എന്ന അമേരിക്കന്‍കമ്പനി, 111 കിലോമീറ്റര്‍ മാത്രമുള്ള ഈ ഭാഗത്ത് ബി.ഒ.ടി റോഡിനുവേണ്ടി സ്ഥലമെടുക്കുമ്പോള്‍ 34,155 കുടുംബങ്ങളെ നേരിട്ട് ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം കച്ചവടം, തൊഴില്‍, വരുമാനം എന്നിവ നഷ്ടപ്പെടുന്നവരുടെ എണ്ണംകൂടി കൂട്ടിയാല്‍ പദ്ധതിമൂലം കുടിയൊഴിക്കേണ്ട കുടുംബങ്ങളുടെ എണ്ണം ഇരട്ടിയാകുമെന്നുറപ്പാണ്. 111 കിലോമീറ്ററിലെ ഈ കണക്കു നോക്കിയാല്‍, 850 കീലോമീറ്റര്‍ നീളമുള്ള രണ്ട് ദേശീയ പാതകളുടെയും വികസനത്തിന്റെ പേരില്‍ നേരിട്ട് ബാധിക്കപ്പെടുന്ന കുടുംബങ്ങളുടെ  (Project affected family PAF) എണ്ണം അഞ്ച് ലക്ഷത്തിന് മുകളിലേക്കെത്തുമെന്നത് കേരളത്തിന് താങ്ങാവുന്നതിനുമപ്പുറമാണ്. ഒരു കുടുംബത്തില്‍ നാലു പേര്‍ എന്ന കേരളത്തിന്റെ ശരാശരിെവച്ച് കണക്കാക്കിയാല്‍ പോലും എത്രയോ ലക്ഷം ജനങ്ങളെ ബാധിക്കുന്ന ഭീമമായ ഒരു കുടിയൊഴിപ്പിക്കലിനാണ് നിക്ഷിപ്ത താല്‍പര്യക്കാര്‍ നിര്‍ബന്ധം പിടിക്കുന്നതെന്ന വസ്തുത കേരളം ഭീതിയോടെ നോക്കി കാണേണ്ടതാണ്.

കള്ളവാദങ്ങള്‍ വേറെയും നിരത്തുന്നുണ്ട്. അമേരിക്കയേക്കാള്‍ കൂടുതല്‍ വാഹനങ്ങള്‍ കേരളത്തിലുണ്ടെന്നതാണ് അവയിലൊന്ന്. അമേരിക്കയിലില്ലാത്ത മോപഡുകളും മറ്റ് ഇരുചക്ര വാഹനങ്ങളും കൂടി കൂട്ടിയാണെങ്കിലും അമേരിക്കയെ മോശക്കാരാക്കാന്‍ മുതലാളിമാര്‍ തന്നെ രംഗത്ത് വന്നത് അതിശയകരം തന്നെ. കേരളത്തിലാകെ 1,64,000 കിലോമീറ്റര്‍ റോഡിലും കൂടി അപകടങ്ങളില്‍ മരിക്കുന്ന 11 പേരെ 850 കിലോമീറ്റര്‍ മാത്രം നീളമുള്ള രണ്ടു ദേശീയപാതയുടെയും കുഴപ്പം മൂലമുള്ള ഇരകളാക്കി ചിത്രീകരിക്കുന്ന വിരോധാഭാസം മറ്റൊന്ന്. വല്ലാര്‍പാടത്ത് മദര്‍ഷിപ്പുകളില്‍ വരുന്ന കണ്ടെയ്‌നറുകളില്‍ നിന്ന് ചെറുകപ്പലുകളിലും ട്രെയ്‌നിലും കയറ്റി കടത്തിയതിനുശേഷം റോഡിലൂടെ നീക്കുന്നത് ഏതാനും കണ്ടെയ്‌നറുകള്‍ മാത്രമായിരിക്കും എന്ന സത്യം മറച്ചുവെച്ച് ഓരോ 20 സെക്കന്‍ഡിലും 40 അടിവീതമുള്ള ഓരോ കണ്ടെയ്‌നര്‍ നിരത്തിലിറക്കുമെന്ന് പറഞ്ഞ് കേരളത്തെ തന്നെ വഞ്ചിക്കാനാണ് ബി.ഒ.ടി ഏജന്റുമാരുടെ ശ്രമം. എറണാകുളത്തെ ഒരു മുതലാളി അസോസിയേഷന്‍ വിളിച്ചുകൂട്ടിയ ദേശീയ പാത ചര്‍ച്ചയില്‍ ബി.ഒ.ടിയെ മഹത്വവത്കരിച്ചും 45 മീറ്റര്‍ റോഡിന്റെ ആവശ്യകതയെക്കുറിച്ചും ക്ലാസെടുത്തത് ചേര്‍ത്തല-കഴക്കൂട്ടം ഭാഗത്ത് പാതനിര്‍മാണത്തിന് കരാര്‍ ലഭിച്ച കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നുവെന്നത് കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കി തരുന്നു.

3000 കോടിയുടെ സ്വപ്‌നതുല്യമായ നഷ്ടപരിഹാര പാക്കേജാണ് അനുവദിച്ചത് എന്നാണ് മറ്റൊരു വാദം. (ഇത്‌പോലും നല്‍കാനാവില്ലെന്നും കേന്ദ്ര മാനദണ്ഡം അനുസരിച്ചേ നല്‍കൂ എന്നുംകേന്ദ്രമന്ത്രി കമല്‍നാഥ് പറഞ്ഞത് തല്‍ക്കാലം മറക്കാം). ചേര്‍ത്തല-കഴക്കൂട്ടം, ഇടപ്പള്ളി-കുറ്റിപ്പുറം, കുറ്റിപ്പുറം-കണ്ണൂര്‍ എന്നീ ഭാഗങ്ങളിലെ സ്ഥലമെടുപ്പിനാണ് ഈ പാക്കേജ് വാഗ്ദാനം. ഈ ഭാഗത്ത് 3000 ഏക്കര്‍ ഭൂമിയും അതിലിരിക്കുന്ന കെട്ടിടങ്ങളും ഒഴിപ്പിക്കണം. ദേശീയപാതയുടെ ഓരത്തെ ഈ 3000 ഏക്കര്‍ ഭൂമിക്ക് ഇന്നത്തെ വിപണി വില നല്‍കണമെങ്കില്‍ 30,000 കോടി വേണം. ഇടിച്ചുനിരത്തുന്ന കെട്ടിടങ്ങള്‍ക്ക് പി.ഡബ്ല്യു.ഡി റേറ്റ് നിശ്ചയിച്ചാല്‍ പോലും കോടികള്‍ വേറെയും വേണം. യാഥാര്‍ഥ്യം ഇതായിരിക്കെയാണ് സമരത്തില്‍ നില്‍ക്കുന്ന ഇരകളെ കബളിപ്പിക്കാന്‍ ബി.ഒ.ടി വാദികളും ചില രാഷ്ട്രീയനേതാക്കളും കള്ളപാക്കേജ് നിരത്തുന്നത്. 

സ്ഥലമെടുപ്പിന് ഏറ്റവും കുറഞ്ഞ നഷ്ടപരിഹാരം മാത്രം നല്‍കേണ്ട 1956ലെ ഹൈവേ ആക്ടാണ് പ്രയോഗിക്കുന്നത്. ഇതനുസരിച്ച് കമ്പോളവിലയും (പൊന്നുംവില) 10 ശതമാനം അധികവും ലഭിക്കാന്‍ മാത്രമാണ് അര്‍ഹത. പിന്നെയുള്ളത് വീട് പോകുന്നവര്‍ക്ക് 10,000 രൂപാവീതം 'നോക്കുകൂലി'യാണ്. കെട്ടിടവിലയുടെ 10 ശതമാനം  തുക അതില്‍ കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ക്ക് വീതിച്ച് നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.  

നഷ്ടപരിഹാര തുകയില്‍ നിന്ന് 11 ശതമാനം ആദായനികുതിയായി ഭൂവുടമകളില്‍ നിന്ന് സ്രോതസ്സില്‍ തന്നെ (TDS) പിടിച്ചെടുക്കും. ടി.ഡി.എസ് നിരക്കും കാലപ്പഴക്കവും പരിഗണിച്ച് നിശ്ചയിക്കുന്ന കെട്ടിടവിലയുടെ 10 ശതമാനം വീതിച്ചാല്‍ ഓരോ വ്യാപാരിക്കും അയ്യായിരത്തില്‍ താഴെ രൂപ മാത്രമാണ് ലഭിക്കുക. ഇതാണ് പുനരധിവാസ പദ്ധതി! ഒരു കുടുംബത്തയെങ്കിലും പുനരധിവസിപ്പിക്കും എന്ന് പറയാത്ത പുനരധിവാസ പാക്കേജ്!

ഇന്ധനവിലവര്‍ധനവിലൂടെ, പെട്രോള്‍ വാഹനത്തിന് 15 പൈസയും ഡീസല്‍ വാഹനത്തിന് 20 പൈസയും ഓരോ കിലോമീറ്ററിലും വര്‍ധിച്ചതിന്റെ പേരില്‍ രണ്ട് ഹര്‍ത്താല്‍ വിജയിപ്പിച്ച കേരളത്തിന് ഒരു കാറിന് 75 പൈസ മുതല്‍ ഭാരവാഹനങ്ങള്‍ക്ക് നാലു രൂപ വരെ ഓരോ കിലോമീറ്ററിനും ടോള്‍നിരക്കിനത്തില്‍ അധികബാധ്യത വരുന്നത് എങ്ങനെയാണ് സ്വീകാര്യമാകുകയെന്നത് സംശയമാണ്. കേരളത്തിലെ എല്ലാ ദേശീയ -സംസ്ഥാന-ജില്ലാ പാതകളും 2020 ഓടെ ബി.ഒ.ടി ടോള്‍ വ്യവസ്ഥയിലേക്കു മാറ്റും എന്ന് സര്‍ക്കാര്‍തന്നെ പ്രഖ്യാപിച്ചിരിക്കെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്നതാണ് ഇപ്പോള്‍ തുടങ്ങിയ ദേശീയപാത ബി.ഒ.ടി-സ്വകാര്യവത്കരണ-വികസന പദ്ധതി. ഏതാനും ചില കോടികള്‍ മാത്രം മൂല്യമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുമ്പോള്‍ പുതിയ സമരമുഖങ്ങള്‍ തുറക്കുന്നവര്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന പൊതുറോഡ് സ്വകാര്യവത്കരണത്തെയും അതിനുവേണ്ടി നടത്തുന്ന വന്യമായ കുടിയൊഴിപ്പിക്കലിനെയും ഭീകരമായ അഴിമതിയെയും എത്രനാള്‍ കണ്ടില്ലെന്നു നടിക്കും.

വീണ്ടും ഒരു സര്‍വകക്ഷി യോഗത്തിന്റെ ആവശ്യമില്ല. നടപ്പാക്കാനാവില്ലെന്ന് ഇതിനകം തെളിഞ്ഞ 45 മീറ്റര്‍ ബി.ഒ.ടി പദ്ധതിക്ക് പകരം കേരളത്തിലെ ജനങ്ങള്‍ക്ക് ആവശ്യം ഇന്ന് തന്നെ നടപ്പാക്കാന്‍ കഴിയുന്ന 30 മീറ്റര്‍ നാലുവരിപ്പാതയാണ്. ഭാവിതലമുറയെപ്പറ്റി ആശങ്കപ്പെടുന്നവര്‍ നാലുവരിപ്പാതയുടെ മുകളില്‍ മറ്റൊരു നാലുവരിപ്പാത (എലിവേറ്റഡ് റോഡ്) നിര്‍മിച്ച് അവിടെ ടോള്‍  പിരിക്കട്ടെ. കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളെ സംരക്ഷിക്കുന്ന തീരുമാനമാണ് ഉണ്ടാകേണ്ടത്. 

ഒന്നും നഷ്ടപ്പെടാത്ത, നേട്ടം മാത്രം പ്രതീക്ഷിക്കുന്ന മുതലാളിത്ത-റിയല്‍ എസ്‌റ്റേറ്റ് സംഘടനകളുടെ താല്‍പര്യങ്ങള്‍ക്ക് കേരളത്തിലെ രാഷ്ട്രീയ നേതൃത്വം വഴങ്ങിക്കൊടുക്കരുത്. അങ്ങനെ സംഭവിച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് രാഷ്ട്രീയ കക്ഷികളില്‍ ഉള്ള വിശ്വാസം നഷ്ടപ്പെടും. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത് അത് വമ്പന്‍ തിരിച്ചടികള്‍ക്കിടയാക്കും.

(ദേശീയപാത സംരക്ഷണസമിതി  ജന. കണ്‍വീനറാണ് ലേഖകന്‍) 
കള്ളവാദങ്ങള്‍ക്കുമീതെ പാത വികസിപ്പിക്കുമ്പോള്‍SocialTwist Tell-a-Friend

1 comment:

  1. ഒന്നും നഷ്ടപ്പെടാത്ത, നേട്ടം മാത്രം പ്രതീക്ഷിക്കുന്ന മുതലാളിത്ത-റിയല്‍ എസ്‌റ്റേറ്റ് സംഘടനകളുടെ താല്‍പര്യങ്ങള്‍ക്ക് കേരളത്തിലെ രാഷ്ട്രീയ നേതൃത്വം വഴങ്ങിക്കൊടുക്കരുത്. അങ്ങനെ സംഭവിച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് രാഷ്ട്രീയ കക്ഷികളില്‍ ഉള്ള വിശ്വാസം നഷ്ടപ്പെടും. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത് അത് വമ്പന്‍ തിരിച്ചടികള്‍ക്കിടയാക്കും.

    ReplyDelete