Saturday, May 29, 2010

ദേശീയപാത: സര്‍ക്കാറും മന്ത്രിമാരും പലവഴി; ജനം ആശങ്കയില്‍



ദേശീയപാത: സര്‍ക്കാറും മന്ത്രിമാരും പലവഴി; ജനം ആശങ്കയില്‍ 

കൊച്ചി: ദേശീയപാത വികസനം സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി മന്ത്രിമാര്‍ തന്നെ രംഗത്തുവന്നത് പാതക്ക് ഇരുവശത്തെയും ജനങ്ങളെ വീണ്ടും ആശങ്കയിലാക്കുന്നു. ദേശീയപാതയുടെ വീതി 30 മീറ്ററായി നിലനിറുത്തണമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് ആവശ്യമുന്നയിച്ചിരുന്നു. ഈ നിലപാടിന് വിരുദ്ധമായി  മന്ത്രിമാര്‍ തന്നെ  രംഗത്തുവന്നതാണ് ആശങ്ക പരത്തിയിരിക്കുന്നത്.
 

സി.പി.എം, കോണ്‍ഗ്രസ്, സി.പി.ഐ, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്^എം, കേരള കോണ്‍ഗ്രസ്^ബി, ജെ.എസ്.എസ്, ബി.ജെ.പി, എന്‍.സി.പി, ഐ.എന്‍.എല്‍, കോണ്‍ഗ്രസ്^എസ് തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികളാണ് മുഖ്യമന്ത്രി വി.എസ് .അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ ഈമാസം അഞ്ചിന് പ്രധാനമന്ത്രിയെ കണ്ട് കേരളത്തില്‍ ദേശീയ പാതയുടെ വീതി 45 മീറ്ററില്‍നിന്ന് 30 മീറ്ററായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം മുഖ്യമന്ത്രിയും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിലെ 15 ലക്ഷത്തോളം ആളുകളുടെ ആവശ്യമാണ് തങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചതെന്നും കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ 45 മീറ്റര്‍ ദേശീയ പാത അസാധ്യമാണെന്നും വ്യക്തമാക്കിയിരുന്നു.

സര്‍വകക്ഷി സംഘത്തില്‍ അംഗമായി പ്രധാനമന്ത്രിയെ കണ്ട ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ തന്നെയാണ് ആദ്യം സര്‍ക്കാര്‍ നിലപാടിനെ തള്ളിപ്പറഞ്ഞത്.  21 ന് എറണാകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ദേശീയ പാതയുടെ വീതി കുറക്കാനുള്ള തീരുമാനത്തെച്ചൊല്ലി ഭാവിയില്‍ ദുഃഖിക്കേണ്ടിവരുമെന്നും ഈ നിലപാട് വികസനത്തെ ബാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടത്. മന്ത്രി പാലോളി മുഹമ്മദുകുട്ടിയും കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ വെച്ച് സര്‍ക്കാര്‍ നിലപാടിനെ തള്ളിപ്പറഞ്ഞു. ദേശീയ പാതയുടെ വീതി 45 മീറ്ററായി നിലനിറുത്തണമെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. വരും ദിനങ്ങളില്‍ പ്രതിപക്ഷത്തെ ചില പാര്‍ട്ടികളും ഇതേ നിലപാടുമായി രംഗത്തുവരുമെന്ന് സൂചനയുണ്ട്. 

കേന്ദ്രസര്‍ക്കാറിന്റെയും ബന്ധപ്പെട്ട കേന്ദ്രമന്ത്രിയുടെയും നിലപാട് തിരിച്ചായിരിക്കേ പ്രത്രേകിച്ചും. സംസ്ഥാനത്തെ വാണിജ്യ സംഘടനകള്‍ ഇതേ ആവശ്യവുമായി പ്രതിപക്ഷ സംഘടനകളെ സമീപിക്കാനും പദ്ധതിയുണ്ട്. ദേശീയ പാതയുടെ വികസനം 30 മീറ്ററായി ചുരുക്കിയാല്‍ വികസനത്തെ  ബാധിക്കുമെന്നും 45 മീറ്ററാക്കുകവഴി സംസ്ഥാനത്ത് ആറായിരം കുടുംബങ്ങളിലെ 30,000 പേരെ മാത്രമേ ബാധിക്കൂവെന്നും അവര്‍ക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കണമെന്നുമാണ് വ്യവസായ^വാണിജ്യ സംഘടനകളുടെ ആവശ്യം. ഞായറാഴ്ച എറണാകുളത്ത് നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രതിപക്ഷ കക്ഷിനേതാക്കളെ നേരില്‍ക്കണ്ട് ഈ ആവശ്യമുന്നയിക്കാന്‍ വാണിജ്യ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സര്‍ക്കാര്‍ നടപ്പാക്കുന്ന പുനരധിവാസം ഒരു തരത്തിലും ഫലപ്രദമല്ലെന്നാണ് ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ പറയുന്നത്. മൂലമ്പള്ളിയില്‍ കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതിക്കുവേണ്ടി സ്ഥലം വിട്ടുകൊടുത്തവര്‍ ഇപ്പോഴും തലചായ്ക്കാനിടമില്ലാതെ അലയുകയാണ്. നേരത്തേ ദേശീയ പാത 30 മീറ്ററാക്കുന്നതിന് സ്ഥലവും വീടും വിട്ടുകൊടുത്തവര്‍ അവശേഷിക്കുന്ന സ്ഥലത്ത് വീടുവെച്ച് ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടെ വീണ്ടും 45മീറ്റര്‍ വികസനത്തിനായി വീണ്ടും സ്ഥലവും വീടും വിട്ടുകൊടുക്കേണ്ടിവരുന്നത് ശക്തമായ പ്രതിഷേധത്തിനിടയാക്കും. മാത്രമല്ല 30 മീറ്റര്‍ റോഡ് വികസനത്തിനായി ഏറ്റെടുത്ത സ്ഥലം പോലും ഇപ്പോഴും ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും ആക്ഷന്‍ കൌണ്‍സി  വാദിക്കുന്നു.

എം.കെ.എം. ജാഫര്‍


ദേശീയപാത വികസനം: ജനഹിതം അട്ടിമറിക്കാന്‍ ശ്രമം -സോളിഡാരിറ്റി

കോഴിക്കോട്: ദേശീയപാത വികസനം 30 മീറ്ററാണ് കേരളത്തിന് ഉചിതമെന്ന സര്‍വകക്ഷി യോഗ തീരുമാനത്തെ സമ്മര്‍ദ്ദത്തിലൂടെയും പ്രക്ഷോഭത്തിലൂടെയും കേന്ദ്ര സര്‍ക്കാറിനെ കൊണ്ട് അംഗീകരിപ്പിക്കുന്നതിന് പകരം രണ്ടാമതും സര്‍വ കക്ഷി യോഗം വിളിക്കാനുള്ള തീരുമാനം ജനഹിതം അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ഇടതു-വലത് കക്ഷികളുടെ ഗൂഢാലോചനകളാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ. നൗഷാദ് പ്രസ്താവിച്ചു. പാതയെ സംബന്ധിച്ച് നേരത്തെ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിന് മുമ്പുള്ള അതേ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും പുലര്‍ത്തുന്നത്.

നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും വേണ്ടി വമ്പിച്ച ആനുകൂല്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ എന്‍.എച്ച്. 47നും 17നും ഭൂമി വിട്ടുകൊടുത്ത് ജീവിത പ്രതിസന്ധിയിലായവരില്‍ നിന്ന് തെളിവെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. ജനകീയ തീരുമാനത്തെ ഒറ്റുകൊടുക്കുന്ന എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും വാണിജ്യ- വ്യവസായ ലോബികള്‍ക്കുമെതിരേ ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ദേശീയപാത: വീണ്ടും സര്‍വകക്ഷിയോഗം വിളിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വീണ്ടും സര്‍വകക്ഷിയോഗം വിളിക്കും. വിവിധരാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഈ ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ്  യോഗംവിളിക്കാന്‍ സര്‍ക്കാര്‍ നീക്കം. വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഈ ആവശ്യം ഉന്നയിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും അനാരോഗ്യം കാരണം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പങ്കെടുക്കാത്തതിനാല്‍ വിഷയം ചര്‍ച്ചചെയ്യാതെ മാറ്റിവെച്ചു. 

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമായതിനാലാണ് മാറ്റിവെച്ചതെന്ന് സി.പി.എം വൃത്തങ്ങള്‍ പറഞ്ഞു. ദേശീയപാത വികസനത്തിന് 30 മീറ്റര്‍ ഭൂമി ഏറ്റെടുത്താല്‍ മതിയെന്ന മുന്‍തീരുമാനം മന്ത്രിസഭയും വീണ്ടും ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത് ദേശീയപാത വികസനത്തിന് 30 മീറ്റര്‍ ഭൂമി മാത്രം ഏറ്റെടുത്താല്‍ മതിയെന്ന് സര്‍വകക്ഷി യോഗം തീരുമാനിച്ച് പ്രധാനമന്ത്രിയെ അറിയിച്ചതാണ്. 45 മീറ്റര്‍ എന്ന നിലപാടില്‍ നിന്ന് നാഷനല്‍ ഹൈവേ അതോറിറ്റി പിന്‍മാറാത്ത സാഹചര്യത്തിലാണ് വീണ്ടും സര്‍വകക്ഷിയോഗം വിളിക്കുന്നത്. സര്‍വകക്ഷിയോഗം വിളിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവര്‍  ആവശ്യപ്പെട്ടിരുന്നു.  

From Madhyamam Daily - May 29, 2010
ദേശീയപാത: സര്‍ക്കാറും മന്ത്രിമാരും പലവഴി; ജനം ആശങ്കയില്‍SocialTwist Tell-a-Friend

No comments:

Post a Comment