Thursday, April 22, 2010

കേരളം കാതോര്‍ത്തിരുന്ന തീരുമാനം - പി. മുജീബുറഹ്മാന്‍

Madhyamam Daily - Wednesday, April 21, 2010

ജനകീയ ചെറുത്തുനില്‍പുവിജയങ്ങളുടെ സമീപകാല ചരിത്രത്തില്‍ ഒരു സുവര്‍ണാധ്യായം തുന്നിച്ചേര്‍ത്താണ് ദേശീയപാതാ വികസനത്തെക്കുറിച്ച സര്‍വകക്ഷിയോഗം പിരിഞ്ഞിരിക്കുന്നത്. വികസനത്തിന്റെ പേരില്‍ പൊതുവഴി വില്‍ക്കാനുള്ള നവമുതലാളിത്ത ഗൂഢതന്ത്രത്തെ ഉടലോടെ പൊതിഞ്ഞു കേന്ദ്രത്തിലേക്ക് തിരിച്ചയക്കാന്‍ തീരുമാനമെടുത്ത സര്‍വകക്ഷികളും തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. ദേശീയപാതകള്‍ ബി.ഒ.ടിക്കാരന്റെ ഓശാരമില്ലാതെ 30 മീറ്ററില്‍ വികസിപ്പിക്കണമെന്ന കാര്യത്തില്‍ കേരളം ഒറ്റക്കെട്ടായിരിക്കുന്നുവെന്നത് ചില്ലറകാര്യമല്ല. പുനരധിവാസമില്ലാതെ നാട്ടുകാരെ കുടിയൊഴിപ്പിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചിരിക്കുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ജനകീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഒറ്റക്കെട്ടായി നില്‍ക്കുന്ന അപൂര്‍വകാഴ്ചയാണ് സര്‍വകക്ഷിയോഗത്തിലൂടെ കേരളം കണ്ടത്.


സര്‍വകക്ഷിതീരുമാനം ആകസ്മികമല്ല. സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കം അണിനിരന്ന തീക്ഷ്ണമായ ഒരു ജനകീയപോരാട്ടത്തിന്റെ വിജയവും പരിണതിയും ആണത്. ലാത്തിച്ചാര്‍ജുകള്‍ ഏറ്റുവാങ്ങിയും സര്‍വേക്കല്ലുകള്‍ പിഴുതെറിഞ്ഞും സ്വന്തം മണ്ണിനും റോഡിനും കാവലിരുന്ന കേരളത്തിലെ പച്ചമനുഷ്യര്‍ നേടിയ വിജയം. വികസനഭീകരതയുടെ ടോള്‍വഴികളല്ല കേരളത്തിനാവശ്യമെന്ന രാഷ്ട്രീയസത്യം അവര്‍ മുഖ്യധാരയെ പഠിപ്പിച്ചിരിക്കുന്നു. കേന്ദ്രത്തിന്റേതല്ലേ എന്ന നിസ്സഹായത കൊണ്ടും വികസനം വേണ്ടേ എന്ന നിഷ്കളങ്കതകൊണ്ടും മുതലാളിത്ത ചൂഷണങ്ങള്‍ക്ക് ചൂട്ടുപിടിച്ചിരുന്നവര്‍ ജനവികാരം ഉള്‍ക്കൊള്ളാന്‍ നിര്‍ബന്ധിതമായെന്നതാണ് ഈ വിജയം നല്‍കുന്ന വലിയസന്ദേശം.

കേരളത്തിലെ  ജനകീയപോരാട്ടങ്ങള്‍ നേടിക്കൊണ്ടിരിക്കുന്ന സമീപകാല വിജയങ്ങളുടെ തുടര്‍ച്ചയായിത്തന്നെയാണ് ദേശീയപാത സമരത്തെയും അടയാളപ്പെടുത്തേണ്ടത്. പ്ലാച്ചിമടയിലും ചെങ്ങറയിലും അതിരപ്പിള്ളിയിലും വിജയിച്ച ജനകീയസമരങ്ങളുടെ പാഠാവലി തന്നെയാണ് ഇവിടെയും ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നത്. പ്ലാച്ചിമടയില്‍ ഗ്രാമീണര്‍ കൊക്കകോളയെ മുട്ടുകുത്തിച്ച് കുടിവെള്ളത്തിന്റെ രാഷ്ട്രീയം പ്രഖ്യാപിച്ചപ്പോള്‍ ചെങ്ങറയില്‍ ദലിതന്‍ ഭൂമിയുടെ മേലുള്ള അവകാശം ഉറക്കെ പറയുകയായിരുന്നു. കുടിയിറക്കാനുള്ള വിസമ്മതത്തോടൊപ്പം പൊതുവഴിക്ക് മേലുള്ള ഒരു ജനതയുടെ അവകാശത്തിന്റെ വിളംബരം കൂടിയാണ് ദേശീയപാതാ സമരം.

എല്ലാ സാമൂഹികസേവന മണ്ഡലങ്ങളും വിപണിവത്കരിച്ച് ധന സമ്പാദനമാര്‍ഗമാക്കുകയെന്ന നവമുതലാളിത്തത്തിന്റെ വികസന ഭീകരവാദത്തിനെതിരെ ഒരു ജനതയുടെ ശക്തമായ പ്രതിരോധം നേടിയെടുത്ത ഉജ്വലവിജയം കൂടിയാണിത്. കേരളത്തില്‍ സ്വതന്ത്ര സമരബോധത്തെ ജാജ്വല്യമാക്കിത്തീര്‍ത്തതില്‍ പൊതുവഴികള്‍ക്കുവേണ്ടിയുളള സമരങ്ങള്‍ നിര്‍വഹിച്ച പങ്ക് നിസ്തുലമായിരുന്നു. പൊതുനിരത്തുകള്‍ സ്വാതന്ത്യ്രത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രതീകങ്ങളായിരുന്നു. ഈ രാജ്യം എന്റേതു കൂടിയാണ് എന്ന പൌരബോധത്തിന്റെ ഞരമ്പുകളായി പടര്‍ന്ന് കിടക്കുകയാണ് ദേശമഖിലമുളള പൊതുവഴികള്‍. അവയുടെ സംരക്ഷണം വികസനഭ്രാന്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വിസ്മരിച്ചപ്പോള്‍  ശക്തമായ പ്രക്ഷോഭപരമ്പരകളിലൂടെ അവരെ സാധാരണക്കാര്‍ ജനപക്ഷ രാഷ്ട്രീയം പഠിപ്പിക്കുകയായിരുന്നു. വൈകിയാണെങ്കിലും അത് തിരിച്ചറിയാനും വികസനപ്രക്രിയകളില്‍ അതുള്‍ക്കൊളളാനും അവര്‍ക്ക് സാധിച്ചാല്‍ ഭാവി കേരളവികസനത്തിന് മണ്ണിന്റെയും പച്ച മനുഷ്യരുടെയും മണമുണ്ടാകും, തീര്‍ച്ച.

ഇരകളുടെ തളരാത്ത നെഞ്ചുറപ്പും ജനകീയ പ്രസ്ഥാനങ്ങളുടെ ആത്മാര്‍ഥമായ പിന്തുണയുമുണ്ടെങ്കില്‍ വികസനത്തിന്റെ അലൈന്‍മെന്റുകള്‍ ജനങ്ങള്‍ക്ക് നിശ്ചയിക്കാനാവുമെന്നതാണ് ഈ വിജയത്തിന്റെയും പാഠം. എല്ലാ കക്ഷിരാഷ്ട്രീയങ്ങള്‍ക്കുമപ്പുറം ജനവികാരം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച രാഷ്ട്രീയസംഘടനകള്‍ ജനാധിപത്യഘടനയെയും സംസ്കാരത്തെയും ഏറെ ശക്തിപ്പെടുത്തിയിരിക്കുന്നു.

അതിനാല്‍ സര്‍വകക്ഷി തീരുമാനത്തിനൊത്ത് കേന്ദ്രഭരണകൂടത്തെ തിരുത്താന്‍ ഈ കൂട്ടായ്മക്ക് കഴിയുമെന്ന പ്രത്യാശ ജനങ്ങള്‍ക്കുണ്ട്. അതിനുമപ്പുറം മുതലാളിത്ത വികസനത്തിനുപകരം ജനകീയവികസനത്തിന്റെ പുതിയൊരു ദേശീയരാഷ്ട്രീയം രൂപപ്പെടുത്താനാണ് സര്‍വകക്ഷികളും മുന്‍കൈയെടുക്കേണ്ടത്.

തങ്ങളുടെ രാഷ്ട്രീയപരിമിതികള്‍ മറികടന്ന് സമരത്തിന് തുടക്കംമുതല്‍ പിന്തുണ നല്‍കിയ രാഷ്ട്രീയവ്യക്തിത്വങ്ങളും സാംസ്കാരികനായകന്മാരും ജനകീയ കൂട്ടായ്മകളും സമരത്തെ വിജയിപ്പിക്കുന്നതില്‍ നിര്‍ണായകപങ്കാണ് വഹിച്ചത്. ഈ സമരവിജയം വികസനസംസ്കാരത്തെക്കുറിച്ച ക്ഷേമകരമായ അവബോധങ്ങള്‍ രൂപപ്പെടുത്തുമെന്നു തീര്‍ച്ചയായും പ്രതീക്ഷിക്കാം.

(ലേഖകന്‍ സോളിഡാരിറ്റി
സംസ്ഥാന പ്രസിഡന്റാണ്)
കേരളം കാതോര്‍ത്തിരുന്ന തീരുമാനം - പി. മുജീബുറഹ്മാന്‍SocialTwist Tell-a-Friend

No comments:

Post a Comment