Sunday, August 22, 2010

ദേശീയപാത സര്‍വ്വകക്ഷി തീരുമാനം അട്ടിമറിച്ചതിന് പിന്നില്‍ ഗൂഢാലോചന - സോളിഡാരിറ്റി

മലപ്പുറം: ദേശീയ പാത വികസനം 45 മീറ്ററില്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ വികസിപ്പിക്കാമെന്ന സര്‍വ്വ കക്ഷിയോഗതീരുമാനം ജനവിരുദ്ധവും മുന്‍യോഗ തീരുമാനം അട്ടിമറിച്ചതിന് പിന്നില്‍ രാഷ്ട്രീയമൂലധന ശക്തികളുടെ ഗൂഢാലോചനയുമാണ്. ദേശീയ പാതയുടെ വീതി സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന് കേന്ദ്രമന്ത്രി കമല്‍നാഥ് ലോക്‌സഭയില്‍ പ്രസ്താവിച്ചിരിക്കെ കേരളത്തിലെ പ്രധാന രാഷ്ട്രീയകക്ഷികള്‍ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത് ദുരൂഹമാണ്. ഒന്നാം സര്‍വ്വകക്ഷി തീരുമാനത്തിന് പിന്നാലെ രമേശ് ചെന്നിത്തലയും പിണറായി വിജയനും പാത 45 മീറ്ററിലാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നത് ഇത്തരത്തിലൊരു ഗൂഢാലോചന അരങ്ങേറി എന്നതിന്റെ തെളിവാണ്. കേരളത്തിലെ ഉയര്‍ന്ന ജനസാന്ദ്രതയും സവിശേഷമായ സാമൂഹ്യ സാഹചര്യങ്ങളും കണക്കിലെടുത്തിട്ടില്ല.


ജനകീയ പ്രക്ഷോഭം ഉയര്‍ത്തിയ എല്ലാ വസ്തുതകളും അതേപടി നിലനില്‍ക്കെ ഇത്തരത്തിലുള്ള തീരുമാനം എടുക്കുക വഴി തികച്ചും പ്രതിലോമ നിലപാടാണ് സര്‍വ്വകക്ഷി യോഗം സ്വീകരിച്ചത്. കേരളം പോലൊരു സംസ്ഥാനത്ത് പതിനായിരക്കണക്കിന് അഭയാര്‍ത്ഥികളെ സൃഷ്ടിക്കുകയും സാധാരണക്കാരന്റെ സഞ്ചാര സ്വാതന്ത്ര്യം തടയുകയുമാണ്, കുത്തകളുടെ താത്പര്യത്തിന് വേണ്ടിയെടുത്ത ഈ തീരുമാനത്തിലൂടെ സംഭവിക്കുക. 45 മീറ്ററല്ലെങ്കില്‍ ദേശീയപാത പദവി ലഭിക്കില്ലെന്ന നാഷണല്‍ ഹൈവേ അഥോറിറ്റിയുടെ തീരുമാനം തിരുത്തുവാന്‍ വേണ്ട ജനകീയ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരണമെന്ന തോമസ് ഐസക്കിന്റെ നിലപാട് സ്വീകരിക്കുകയായിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യേണ്ടിയിരുന്നത്. ജനവിരുദ്ധ വികസന പ്രക്ഷോഭത്തില്‍ അണിനിരന്ന ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, മുസ്‌ലിം യൂത്ത് ലീഗ് തുടങ്ങിയവര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കണം. ജനവിരുദ്ധമായ ഈ തീരുമാനത്തിനെതിരെ ഇരകളേയും കേരളത്തിലെ ജനങ്ങളേയും അണിച്ചേര്‍ത്ത് സോളിഡാരിറ്റി ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുയര്‍ത്തുമെന്നും സോളിഡാരിറ്റി നേതാക്കള്‍ വ്യക്തമാക്കി. സംസ്ഥാന പ്രസിഡണ്ട് പി. മൂജീബ്‌റഹ്മാന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ. നൗഷാദ്, സംസ്ഥാന സെക്രട്ടറി കെ. സജീദ്, ദേശീയപാത സംസ്ഥാന സമരസമിതി കണ്‍വീനര്‍ റസാഖ് പാലേരി എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
ദേശീയപാത സര്‍വ്വകക്ഷി തീരുമാനം അട്ടിമറിച്ചതിന് പിന്നില്‍ ഗൂഢാലോചന - സോളിഡാരിറ്റിSocialTwist Tell-a-Friend

1 comment:

  1. 45 മീറ്ററല്ലെങ്കില്‍ ദേശീയപാത പദവി ലഭിക്കില്ലെന്ന നാഷണല്‍ ഹൈവേ അഥോറിറ്റിയുടെ തീരുമാനം തിരുത്തുവാന്‍ വേണ്ട ജനകീയ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരണമെന്ന തോമസ് ഐസക്കിന്റെ നിലപാട് സ്വീകരിക്കുകയായിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യേണ്ടിയിരുന്നത്.

    ReplyDelete