Saturday, November 27, 2010

ദേശീയപാത സ്വകാര്യ ലോബിക്ക് മറിക്കാന്‍ കോര്‍പറേറ്റ് ഏജന്‍സികളുടെ കരുനീക്കം


(source: Madhyamam daily 27-11-2010)

തിരുവനന്തപുരം: കേരളത്തില്‍ ദേശീയപാത സ്വകാര്യ ലോബിക്ക് മറിച്ചുകൊടുക്കാന്‍ കോര്‍പറേറ്റ് ലോബിയുടെ കൊണ്ടുപിടിച്ച ശ്രമം.  കുറച്ചുമുമ്പ് ദേശീയപാതയുടെ വികസനം 45 മീറ്ററില്‍ സാധ്യമാക്കണമെന്ന ആവശ്യവുമായി കൊച്ചിയിലും തിരുവനന്തപുരത്തും സംഘടിപ്പിച്ച യോഗങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കോര്‍പറേറ്റ് ലോബിയായിരുന്നു. സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ദേശീയപാതയുടെ വികസനം 30 മീറ്ററില്‍
സാധ്യമാക്കണമെന്ന ഏപ്രില്‍ 20ലെ ആദ്യ സര്‍വകക്ഷി യോഗ തീരുമാനം അട്ടിമറിക്കാന്‍ മുഖ്യ രാഷ്ട്രീയ കക്ഷികളെ സ്വാധീനിച്ചതിനുപിന്നിലും ലോബിയുടെ പ്രവര്‍ത്തനമുണ്ടായതായി ആക്ഷേപമുണ്ട്. കേരളത്തില്‍ നിലവിലെ ദേശീയ പാത ബി.ഒ.ടി അടിസ്ഥാനത്തില്‍ വികസിപ്പിക്കുന്നതോടെ 75000 കോടി രൂപയോളമാണ് സ്വകാര്യ കമ്പനികളുടെ കൈകളില്‍ എത്തുന്നത്. ഇത് മുന്നില്‍കണ്ട് സ്‌പെക്ട്രം അഴിമതിയിലെന്നപോലെ മുഖ്യ രാഷ്ട്രീയ കക്ഷികളെ വരുതിയിലാക്കാന്‍ സ്വകാര്യ ലോബി കഠിന ശ്രമമാണ് ഇടനിലക്കാര്‍ മുഖേന നടത്തുന്നത്.

കേരളം സമര്‍പ്പിച്ച പുനരധിവാസ പാക്കേജ് കേന്ദ്രം തള്ളിയെങ്കിലും സ്ഥലമെടുപ്പിന് കൃത്യമായ വില നിശ്ചയിച്ചാല്‍ കേന്ദ്രം നല്‍കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും സര്‍വകക്ഷിയോഗം ചേര്‍ന്ന് എത്രയും വേഗം അനുകൂല തീരുമാനമെടുപ്പിക്കാനുള്ള തത്രപ്പാടിലാണ് ബി.ഒ.ടി ലോബി. മൂന്നാമതും സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചുകഴിഞ്ഞു. ഈ ആഴ്ചതന്നെ യോഗത്തിന്റെ തീയതി നിശ്ചയിക്കുമെന്നാണ് അറിയുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ പുതിയ ദേശീയപാത നിര്‍മിച്ചുകൊണ്ടാണ് സ്വകാര്യ കമ്പനികള്‍ ചുങ്കം പിരിക്കുന്നതെങ്കില്‍ കേരളത്തില്‍ നിലവില്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ സര്‍വീസ് നടത്തുന്ന ദേശീയപാതയാണ് ബി.ഒ.ടി അടിസ്ഥാനത്തില്‍ വികസിപ്പിക്കാന്‍ പദ്ധതിയിടുന്നത്. അതും കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകള്‍ ചേര്‍ന്ന് ഭൂമി ഏറ്റെടുത്തുകൊടുക്കുകയും റോഡ് നിര്‍മാണത്തിന് കിലോമീറ്ററിന് എട്ട് കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റായി നല്‍കിയുമാണ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുക. തുടര്‍ന്ന് 30 വര്‍ഷത്തേക്ക് ചുങ്കം പിരിക്കാനുള്ള അനുമതി നല്‍കുകയും ചെയ്യും. 75000 കോടി രൂപയെങ്കിലും ഇങ്ങനെ പിരിച്ചെടുക്കാനാകുമെന്നാണ് കണക്കാക്കുന്നത്. കാലാവധി കഴിഞ്ഞശേഷവും പലയിടങ്ങളിലും ചുങ്കം പിരിവ് നടക്കുന്നതിനെച്ചൊല്ലി ഇപ്പോള്‍ പ്രശ്‌നം നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചുങ്കം പിരിക്കുന്ന കാലാവധി 30 വര്‍ഷത്തിലധികം നീളാനുള്ള സാധ്യതയും കൂടുതലാണ്. കോടികള്‍ വാരാന്‍ കഴിയുന്ന വന്‍ പദ്ധതിയായി വിലയിരുത്തപ്പെടുന്നതിനാല്‍ എന്ത് വിലകൊടുത്തും പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നത്. 45 മീറ്ററില്‍ വികസനം സാധ്യമാക്കുകയെന്ന ഒറ്റ അജണ്ടയില്‍ വിഷയം ഒതുക്കാനും ബി.ഒ.ടിയുടെ ചതിക്കുഴി സര്‍വകക്ഷി യോഗത്തില്‍പോലും ചര്‍ച്ചയാകാതിരിക്കാനുമാണ് ലോബി കരുക്കള്‍ നീക്കുന്നത്. എന്‍ജിനീയര്‍മാരും ബില്‍ഡര്‍മാരും കരാറുകാരും റിയല്‍ എസ്‌റ്റേറ്റ് ലോബിയും അടങ്ങുന്ന ലോബി കൊച്ചിയും തിരുവനന്തപുരവും കേന്ദ്രീകരിച്ചാണ് ചരടുവലിക്കുന്നത്.
ദേശീയപാത സ്വകാര്യ ലോബിക്ക് മറിക്കാന്‍ കോര്‍പറേറ്റ് ഏജന്‍സികളുടെ കരുനീക്കംSocialTwist Tell-a-Friend

1 comment:

  1. കേരളത്തില്‍ ദേശീയപാത സ്വകാര്യ ലോബിക്ക് മറിച്ചുകൊടുക്കാന്‍ കോര്‍പറേറ്റ് ലോബിയുടെ കൊണ്ടുപിടിച്ച ശ്രമം.

    ReplyDelete