Saturday, July 23, 2011

ദേശീയപാത അധികൃതര്‍ സൂപ്പര്‍ സര്‍ക്കാറുകളെപ്പോലെ പ്രവര്‍ത്തിക്കരുത് -വി.എം. സുധീരന്‍


Published Madhyamam Online dated 07/21/2011

കോഴിക്കോട്: ദേശീയപാത അധികൃതര്‍ ടോള്‍പിരിവിന്റെ കാര്യത്തിലും മറ്റും സൂപ്പര്‍ സര്‍ക്കാറായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. മുന്‍  മേയറും എം.എല്‍.എയും പ്രമുഖ തൊഴിലാളി നേതാവുമായ അഡ്വ. പി.വി. ശങ്കരനാരായണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ബി.ഒ.ടി വ്യവസ്ഥയില്‍ ടോള്‍ പിരിവ് ഇഷ്ടംപോലെ കൂട്ടാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള കരാറുകള്‍ ഉദ്യോഗസ്ഥര്‍ തയാറാക്കുന്നു. സര്‍ക്കാറിനെ ഗൗനിക്കാതെ അടക്കി ഭരിക്കാമെന്ന രീതി ശരിയല്ല. അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ ബി.ഒ.ടിയാകാം. പക്ഷേ, കൃത്യമായ വിലയിരുത്തലിനുശേഷമേ അനുവദിക്കാനാവൂ. വിലക്കയറ്റം തടയാനും നിലവിലുള്ള നിയമങ്ങള്‍ നടപ്പാക്കാനും പൊതുമേഖലയുടെ സംരക്ഷണത്തിനും ഐ.എന്‍.ടി.യു.സിയും മറ്റ് തൊഴിലാളി സംഘടനകളും ഒന്നിക്കുന്നത് ഗുണകരമാണ്.

ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒരു കാരണവശാലും വിറ്റഴിക്കരുത്. ബാങ്ക്, ഇന്‍ഷുറന്‍സ് സ്വകാര്യവത്കരണവും എതിര്‍ക്കപ്പെടണം. ഏത് പരിഷ്‌കാരവും ആത്യന്തികമായി മനുഷ്യനന്മയെ മുന്‍നിര്‍ത്തിയാകണം. ജനോപകാരപ്രദമായ തീരുമാനമെടുക്കാന്‍ സര്‍ക്കാറിന്റെ ഭൂരിപക്ഷം തടസ്സമല്ലെന്ന് ഉമ്മന്‍ചാണ്ടി തെളിയിച്ചുകഴിഞ്ഞു.

എങ്കിലും നേരിയ ഭൂരിപക്ഷമുള്ളതിനാല്‍ യു.ഡി.എഫ് നിയമസഭാ സാമാജികര്‍ കണ്ണിലെണ്ണയൊഴിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാവണം. അവകാശങ്ങള്‍ക്കായി പൊരുതുമ്പോള്‍ സ്ഥാപനം ഇല്ലാതാക്കുന്ന രീതി പി.വി. ശങ്കരനാരായണനില്ലായിരുന്നുവെന്നും വി.എം. സുധീരന്‍ പറഞ്ഞു. പി.വി ശങ്കരനാരായണന്‍ പുരസ്‌കാരം മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന് നല്‍കി.

പി.കെ. ഗോപാലന്‍, ടി.പി. ഹസന്‍, കെ.സി. രാമചന്ദ്രന്‍, കെ.ടി. രഘുനാഥ്, അഡ്വ. പി.ജി. അനൂപ് നാരായണന്‍, കെ. ഗംഗാധരന്‍, എം. കമലം, എം.ടി. പത്മ, എ. ശങ്കരന്‍, സി.ജെ. റോബിന്‍, ഡോ. കെ. മൊയ്തു, എം. മോഹന്‍ദാസ്, എന്‍.ബി. കൃഷ്ണകുറുപ്പ് എന്നിവര്‍ സംസാരിച്ചു. അഡ്വ. എം. രാജന്‍ സ്വാഗതം പറഞ്ഞു.
ദേശീയപാത അധികൃതര്‍ സൂപ്പര്‍ സര്‍ക്കാറുകളെപ്പോലെ പ്രവര്‍ത്തിക്കരുത് -വി.എം. സുധീരന്‍SocialTwist Tell-a-Friend

No comments:

Post a Comment