Saturday, July 23, 2011

ദേശീയപാത പുനരധിവാസ പാക്കേജ് സമരസമിതി തള്ളി


Published on Madhyamam Online dated 07/22/2011

തിരുവനന്തപുരം: ദേശീയപാത വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്നവര്‍ക്കായി പ്രഖ്യാപിക്കാനിരിക്കുന്ന പുനരധിവാസ പാക്കേജ് സമരസമിതി തള്ളി. അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കാനിരിക്കുന്ന പാക്കേജ് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തി. ഇതിലാണ് അശാസ്ത്രീയത ചൂണ്ടിക്കാട്ടി സമരസമിതി പാക്കേജ് തള്ളിയത്. സമരം ശക്തമാക്കാന്‍ തീരുമാനിച്ചതായി പിന്നീട് അവര്‍ പറഞ്ഞു.


ദേശീയപാത അതോറിറ്റിയുടെ സമ്മര്‍ദം മറികടക്കാനാകില്ലെന്ന നിസ്സഹായാവസ്ഥയാണ് മുഖ്യമന്ത്രി ചര്‍ച്ചയിലുടനീളം പ്രകടിപ്പിച്ചത്. അതേസമയം 1,000 കോടിയുടെ പാക്കേജിന്റെ ശാസ്ത്രീയത മുഖ്യമന്ത്രിക്ക് പറയാനായില്ല. പദ്ധതി സംബന്ധിച്ച് നടന്ന പഠനങ്ങളിലെ വൈരുധ്യത്തിലും അദ്ദേഹം നിസ്സഹായത പ്രകടിപ്പിച്ചു. ഉദ്യോഗസ്ഥരെപോലും ഒഴിവാക്കി മുഖ്യമന്ത്രി ഒറ്റക്കാണ് സമരസമിതിയെ കണ്ടത്. സമിതി മുന്നോട്ടുവെച്ച ഒരു നിര്‍ദേശവും അദ്ദേഹം അംഗീകരിച്ചില്ല. നിഷ്പക്ഷ പഠനം നടത്തുംവരെ പദ്ധതി നിര്‍ത്തിവെക്കണമെന്ന ആവശ്യം തള്ളിയ മുഖ്യമന്ത്രി നിലവിലെ സാഹചര്യത്തില്‍ ഒരു കാരണവശാലും ഇത് വൈകിപ്പിക്കാനാകില്ലെന്ന നിലപാടെടുക്കുകയായിരുന്നു.

ദേശീയപാത അതോറിറ്റി നടത്തിയ പഠനത്തിലെ ചെലവ് സംബന്ധിച്ച വൈരുധ്യങ്ങള്‍ സമിതി ചൂണ്ടിക്കാട്ടി. ആദ്യ പഠന പ്രകാരം 12,000 കുടുംബങ്ങളെ മാത്രമാണ് കുടിയിറക്കപ്പെടുന്നതായി കണക്കാക്കിയത്. പിന്നീട് ലക്ഷത്തോളം എന്നാക്കി. ഇതിലേറെയുണ്ടെന്നാണ് സമരസമിതി കണക്ക്. അതോറിറ്റി കണക്കുപ്രകാരം ഒരു കുടുംബത്തിന് കിട്ടുക ഒരുലക്ഷം മാത്രമാണെന്നന്നും ഭൂമിയും കെട്ടിടവും മറ്റും നഷ്ടപ്പെടുന്നവര്‍ക്ക് നിലവിലെ വിപണിവില പ്രകാരം കണക്കാക്കിയാല്‍തന്നെ 50,000 കോടിയെങ്കിലും വേണ്ടിവരുമെന്നും സമിതി ചൂണ്ടിക്കാട്ടി.

ടോള്‍ റോഡിന് പകരം എലിവേറ്റഡ് ഹൈവേ സ്ഥാപിക്കുക എന്ന ആവശ്യവും മുഖ്യമന്ത്രി കൈയോടെ തള്ളി. കുമ്പളത്തെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന ആവശ്യവും പരിഗണിച്ചില്ല. ടോള്‍ റോഡ് നിര്‍ദേശം വരും മുമ്പ് ആരംഭിച്ച ഈ പദ്ധതിയില്‍ ടോള്‍ പിരിക്കാന്‍ പാടില്ലെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. പദ്ധതി പ്രഖ്യാപിക്കുന്നതും ദേശീയപാത വികസനം തുടങ്ങുന്നതും അല്‍പം പോലും മാറ്റിവെക്കാനാവില്ലെന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നതോടെ സമരം തുടരുമെന്ന് സമരസമിതി വ്യക്തമാക്കുകയായിരുന്നു.

സമരസമിതിയെ പ്രതിനിധീകരിച്ച് സി.ആര്‍. നീലകണ്ഠന്‍, സുന്ദരശേന്‍ പിള്ള, നാസര്‍ (ആക്ഷന്‍ ഫോറം), മുഹമ്മദ് അലി, സുധീര്‍കുമാര്‍ (ആക്ഷന്‍ കൗണ്‍സില്‍), കെ. സജീദ് (സോളിഡാരിറ്റി), ജ്യോതി കൃഷ്ണന്‍ (ജനകീയ പ്രതിരോധ സമിതി) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ദേശീയപാത പുനരധിവാസ പാക്കേജ് സമരസമിതി തള്ളിSocialTwist Tell-a-Friend

No comments:

Post a Comment