Tuesday, April 20, 2010

ദേശീയപാത സ്ഥലമെടുപ്പ് നിര്‍ത്തിവെച്ചു : വീതി 30 മീറ്റര്‍ മതിയെന്ന് കേരളം

Mathrubhumi Online: 20 Apr 2010

* പുതിയ ബി.ഒ.ടി. റോഡുകള്‍ വേണ്ടെന്ന് നിര്‍ദേശം
* പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കാണും
* സര്‍വകക്ഷി യോഗത്തില്‍ തീരുമാനം ഐകകണേ്ഠ്യന




തിരുവനന്തപുരം: ദേശീയപാതയ്ക്ക് 30 മീറ്റര്‍ വീതി മതിയെന്ന് കേരളം നിശ്ചയിച്ചു. ദേശീയ പാത വികസനത്തെച്ചൊല്ലി സംസ്ഥാനത്തെ ജനങ്ങള്‍ക്കുണ്ടായ ആശങ്ക പരിഹരിക്കണമെന്നഭ്യര്‍ഥിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാനും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമുണ്ടാകുന്നതുവരെ സ്ഥലമേറ്റെടുക്കല്‍ നിര്‍ത്തിവെക്കാനും ചൊവ്വാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ധാരണയായി. സംസ്ഥാനത്ത് ഒരു കാരണവശാലും പുതിയ ബി.ഒ.ടി.റോഡുകള്‍ അനുവദിക്കാനാവില്ലെന്നും യോഗം തീരുമാനിച്ചു.

എന്‍.എച്ച്-47, എന്‍.എച്ച്-17 പാതകളുടെ വികസനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് സര്‍വകക്ഷിയോഗ തീരുമാനം വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പത്രലേഖകരോട് പറഞ്ഞു. ദേശീയ പാത വികസന നടപടികളെത്തുടര്‍ന്ന് ജനങ്ങള്‍ക്ക് ഏറെ അസൗകര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഒരു പ്രാവശ്യം ഭൂമി നല്‍കിയവര്‍ തന്നെ വീണ്ടും ഭൂമി നല്‍കാന്‍ നിര്‍ബന്ധിതരായ സംഭവങ്ങളുമുണ്ട്. അതൊന്നും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. ദേശീയപാത 60 മീറ്ററോ 45 മീറ്ററോ വീതിയില്‍ കേരളത്തില്‍ പണിയാനാകില്ല. 30 മീറ്റര്‍ വീതിയില്‍ നല്ല നിലയില്‍ റോഡുണ്ടാക്കിയാല്‍ മതിയാകും. ദേശീയപാതയില്‍ സഞ്ചരിക്കുമ്പോള്‍ അല്‍പം വേഗം കുറഞ്ഞാലും സഹിക്കാന്‍ കഴിയുമെങ്കില്‍ ഇക്കാര്യം പരിഗണിക്കാമെന്ന് യോഗത്തില്‍ പങ്കെടുത്ത നാഷണല്‍ ഹൈവെ അതോറിട്ടി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ബ്രിജേശ്വര്‍ സിങ്ങും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ദേശീയപാത വികസനത്തെത്തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി പ്രതിനിധി സംഘം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ കാണും. കേന്ദ്രത്തിന്റെ തീരുമാനമുണ്ടാകുന്നതുവരെ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കും. സ്ഥലമേറ്റെടുക്കലിനെത്തുടര്‍ന്നുണ്ടായ പോലീസ് കേസുകള്‍ വേഗം പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്-മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇത്രയും കാലം കാശ് കൊടുക്കാതെ യാത്ര ചെയ്തിരുന്ന റോഡുകള്‍ ബി.ഒ.ടി വ്യവസ്ഥയിലാക്കുന്നതിനെതിരെയും സര്‍വകക്ഷിയോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

''നാം ജനിച്ചപ്പോള്‍ മുതല്‍ സ്വതന്ത്രമായി യാത്ര ചെയ്യുന്ന ഈ റോഡുകളില്‍ ഇനി പൈസ കൊടുക്കണമെന്ന് പറഞ്ഞാല്‍ അത് നടപ്പുള്ള കാര്യമല്ല . മറ്റ് സംസ്ഥാനങ്ങളില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കാനാണ് ബി.ഒ.ടി.റോഡുകളുണ്ടാക്കുന്നത്. സംസ്ഥാനത്ത് നല്ല നിലയില്‍ റോഡുണ്ടാകണം. അതിന് ഏത് പേരിട്ടാലും വിരോധമില്ല. കേരളത്തിന് അനുവദിച്ചിട്ടുള്ള പാതയായി കരുതിയാല്‍ മതി'' -മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യവും പ്രധാനമന്ത്രിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് നിരന്തരമുണ്ടാകുന്ന റോഡപകടങ്ങളെക്കുറിച്ച് ചൂണ്ടിക്കാണിച്ചപ്പോള്‍ ''അപകടങ്ങള്‍ കൂടുന്നതിന് കാരണം റോഡിന്റെ വീതിക്കുറവല്ല. അതിന് സ്​പീഡ് കുറയ്ക്കണം'' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ദേശീയപാത മുപ്പത് മീറ്റര്‍ മതിയെന്ന് ഐകകണേ്ഠ്യനയാണ് തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. 2005 നവംബര്‍ എട്ടാം തീയതി ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യം അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചതാണ്. സംസ്ഥാനത്ത് ഇപ്പോള്‍ തന്നെ പലയിടങ്ങളിലും മുപ്പത് മീറ്റര്‍ വീതിയില്‍ നാല് ലൈനുകളുണ്ട്. ഇനിയും അതുപോലെ ചെയ്യാനാകും. മറ്റ് രീതികളില്‍ റോഡിന്റെ നിലവാരമുയര്‍ത്തിയാല്‍ മതിയാകും-പ്രതിപക്ഷ നേതാവ് പറഞ്ഞു.

മന്ത്രിമാരായ ജി.സുധാകരന്‍, തോമസ് ഐസക്ക്, കടന്നപ്പള്ളി രാമചന്ദ്രന്‍, സി.ദിവാകരന്‍, എന്‍.കെ.പ്രേമചന്ദ്രന്‍, കെ.പി.രാജേന്ദ്രന്‍, പി.ജെ.ജോസഫ്, എസ്.ശര്‍മ, നേതാക്കളായ ജി.കാര്‍ത്തികേയന്‍, കുട്ടിഅഹമ്മദ്കുട്ടി, കെ.ഇ. ഇസ്മായില്‍, എം. പി. വീരേന്ദ്രകുമാര്‍, ആനത്തലവട്ടം ആനന്ദന്‍, എന്‍.എം.ജോസഫ്, പി.എം.എ.സലാം, കെ.കെ.ഷാജു, വറുഗീസ് ജോര്‍ജ്, സി.വേണുഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തു. സര്‍വകക്ഷി യോഗത്തിന് മുമ്പ് യു.ഡി.എഫ് പ്രത്യേക യോഗം ചേരുകയും പൊതുനിലപാടിനെക്കുറിച്ച് ധാരണയിലെത്തുകയും ചെയ്തിരുന്നു.
ദേശീയപാത സ്ഥലമെടുപ്പ് നിര്‍ത്തിവെച്ചു : വീതി 30 മീറ്റര്‍ മതിയെന്ന് കേരളംSocialTwist Tell-a-Friend

No comments:

Post a Comment