Wednesday, April 21, 2010

ദേശീയപാത സ്ഥലമെടുപ്പ്: പരിഹാരം കാണാമെന്ന് പ്രധാനമന്ത്രി

Mathrubhumi Daily - 21 Apr 2010

ന്യൂഡല്‍ഹി: ദേശീയപാത വികസനത്തെച്ചൊല്ലി കേരളത്തിന്റെ അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുത്ത് പരിഹാരം കാണാമെന്ന് പ്രധാനമന്ത്രിയുടെ ഉറപ്പ്. പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കിയ കേരളത്തിലെ യു.ഡി.എഫ് എം.പിമാര്‍ക്കാണ് ഉറപ്പ് നല്‍കിയത്. ദേശീയപാത മുപ്പത് മീറ്റര്‍ മതിയെന്ന് ഐകകണേ്ഠ്യന ചൊവ്വാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനം എടുത്തിരുന്നു.


ദേശീയ പാത വികസനത്തെച്ചൊല്ലി സംസ്ഥാനത്തെ ജനങ്ങള്‍ക്കുണ്ടായ ആശങ്ക പരിഹരിക്കണമെന്നഭ്യര്‍ഥിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാനും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമുണ്ടാകുന്നതുവരെ സ്ഥലമേറ്റെടുക്കല്‍ നിര്‍ത്തിവെക്കാനും യോഗത്തില്‍ ധാരണയായിരുന്നു. സംസ്ഥാനത്ത് ഒരു കാരണവശാലും പുതിയ ബി.ഒ.ടി.റോഡുകള്‍ അനുവദിക്കാനാവില്ലെന്നും യോഗം തീരുമാനിച്ചു.

ദേശീയപാത 60 മീറ്ററോ 45 മീറ്ററോ വീതിയില്‍ കേരളത്തില്‍ പണിയാനാകില്ല. 30 മീറ്റര്‍ വീതിയില്‍ നല്ല നിലയില്‍ റോഡുണ്ടാക്കിയാല്‍ മതിയാകും. ദേശീയപാതയില്‍ സഞ്ചരിക്കുമ്പോള്‍ അല്‍പം വേഗം കുറഞ്ഞാലും സഹിക്കാന്‍ കഴിയുമെങ്കില്‍ ഇക്കാര്യം പരിഗണിക്കാമെന്ന് യോഗത്തില്‍ പങ്കെടുത്ത നാഷണല്‍ ഹൈവെ അതോറിട്ടി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ബ്രിജേശ്വര്‍ സിങ്ങും അഭിപ്രായപ്പെട്ടിരുന്നു.

സ്ഥലമേറ്റെടുക്കലിനെത്തുടര്‍ന്നുണ്ടായ പോലീസ് കേസുകള്‍ വേഗം പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്-മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇത്രയും കാലം കാശ് കൊടുക്കാതെ യാത്ര ചെയ്തിരുന്ന റോഡുകള്‍ ബി.ഒ.ടി വ്യവസ്ഥയിലാക്കുന്നതിനെതിരെയും സര്‍വകക്ഷിയോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
ദേശീയപാത സ്ഥലമെടുപ്പ്: പരിഹാരം കാണാമെന്ന് പ്രധാനമന്ത്രിSocialTwist Tell-a-Friend

No comments:

Post a Comment