Wednesday, April 21, 2010

കുടിയൊഴിപ്പിച്ചാല്‍ കൂട്ട ആത്മഹത്യയെന്ന് ജനം

Madhyamam Daily - Wednesday, April 21, 2010

തിരുവനന്തപുരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി 45 മീറ്റര്‍ അലൈന്‍മെന്റ് നിശ്ചയിച്ചത് നൂറു കിലോ മീറ്റര്‍ വേഗത്തില്‍ വണ്ടിയോടിക്കാനെന്ന് സര്‍വേ  കണ്‍സള്‍ട്ടന്‍സി. വാഹനങ്ങള്‍ക്ക് ചീറിപ്പായാന്‍വേണ്ടി കുടിയൊഴിപ്പിച്ചാല്‍ കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യുമെന്ന് ജനങ്ങളും.  സര്‍വേ  പൂര്‍ത്തിയായ കഴക്കൂട്ടം മുതല്‍ കാരോട് വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങളില്‍ നിന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് വേണ്ടി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ തെളിവെടുപ്പ്  വിരുദ്ധ യാര്‍ഥാര്‍ഥ്യങ്ങളുടെ ഏറ്റുമുട്ടലിന്റെ വേദിയായി.


ആദ്യ ബൈപ്പാസ് നിര്‍മിച്ചപ്പോള്‍ വീട് ഇടിച്ച് നിരത്തിയതില്‍ ബാക്കിയായ അഞ്ച് സെന്റ് ഭൂമിയില്‍ കെട്ടിയ വീടിന്റെ കിടപ്പുമുറിയില്‍ കുറ്റിയടിച്ചതിന്റെ ഞെട്ടല്‍ മാറാതെയാണ് കഴക്കൂട്ടം സ്വദേശി ലളിതാംബിക എത്തിയത്. 12.5 മീറ്റര്‍ സ്ഥലം കിഴക്ക് വശത്ത് വെറുതെ കിടക്കുമ്പോഴാണ് 7.5 മീറ്റര്‍ വീട്ടിനകത്ത്  കയറി കുറ്റിയടിച്ചത്. മൂന്നാമത്തെ തലമുറയാണ് വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കാന്‍ പോകുന്നത്. ആകെയുള്ള അഞ്ചര സെന്റ് സ്ഥലത്ത് 15 ലക്ഷം രൂപ വായ്പ  എടുത്തു വീട് കെട്ടിയപ്പോള്‍ നാലര സെന്റും എടുക്കുന്ന സ്ഥിതിയാണുള്ളത്. ഇതിനെ ജീവന്‍ കൊടുത്തും എതിര്‍ക്കും^ അവര്‍ പറഞ്ഞു. കുളത്തൂര്‍ കുഴിവിള സ്വദേശി ആര്‍. സോമന്‍ ഉണ്ടായിരുന്ന പത്തേമുക്കാല്‍ സെന്റില്‍ ഏഴ് സെന്റും ബൈപ്പാസ് നിര്‍മ്മാണത്തിന് വിട്ടുകൊടുത്തു. ബാക്കി സ്ഥലത്ത് വീട് നിര്‍മ്മിച്ചപ്പോഴാണ് സര്‍വേ വന്നത്. വലിയ പണക്കാരന് വേണ്ടി അലൈന്‍മെന്റ് മാറ്റി  വീടിരിക്കുന്ന സ്ഥലം ഉള്‍പ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ കഴക്കൂട്ടം ജങ്ഷന്‍ വികസിപ്പിക്കാനായാണ് ലക്ഷ്യമിട്ടതെന്ന് സര്‍വേ നടത്തിയ ബംഗളൂരു ആസ്ഥാനമായ സീകോണ്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ചില മതസ്ഥാപനങ്ങള്‍ അവിടെ ഉണ്ടെന്ന കമ്പനിയുടെ വിശദീകരണം ശരിയല്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

നിലവിലുള്ള ബൈപ്പാസ് റോഡുമായി പുതിയ റോഡിനെ യോജിപ്പിക്കാന്‍ ആവില്ലെന്നും ഇത് കന്യാകുമാരിവരെ പോകുന്ന പ്രത്യേക പാതയാണെന്നും കണ്‍സള്‍ട്ടന്‍സി വിശദീകരിച്ചു. മരങ്ങള്‍ മുറിക്കുമ്പോഴും ജലസ്രോതസ്സുകള്‍ മൂടുമ്പോഴും പ്രദേശങ്ങളില്‍ ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെയോ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ വരുമാനമാര്‍ഗങ്ങള്‍ നഷ്ടപ്പെടുന്നതിനെയോ കുറിച്ച് പഠനം നടത്തിയിട്ടില്ല.

സ്കെച്ചുകളും സ്ലൈഡുകളും 'സ്ഥിതി വിവര കണക്കുകളു'മായി എത്തിയവരുടെ പ്രകടനം ജീവിതം വഴിയാധാരമാക്കപ്പെടുന്നവരുടെ പ്രായോഗിക സംശയങ്ങള്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. സീകോണിന്റെ കണക്ക് പ്രകാരം  കഴക്കൂട്ടം മുതല്‍ കാരോട്ട് വരെ  ദേശീയപാത വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നത് 18285 ആളുകള്‍ ഉള്‍പ്പെടുന്ന  3657 കുടുംബങ്ങളാണ്. ഇതില്‍ കൃഷി ഭൂമി നഷ്ടപ്പെടുന്ന 3143 കുടുംബങ്ങളുണ്ട്. വാണിജ്യ^ വാസസ്ഥലങ്ങള്‍ നഷ്ടപ്പെടുന്നത് 2530 പേര്‍ക്കാണ്. 506 കുടുംബങ്ങളാണ് ഇവരെ ആശ്രയിച്ച് കഴിയുന്നത്. എട്ട് വ്യവസായ സ്ഥാപനങ്ങള്‍ മാത്രമാണ് നഷ്ടപ്പെടുക. 40 പേര്‍ മാത്രമാണ് ഇതിനെ ആശ്രയിക്കുന്നത്. ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ വ്യവസ്ഥയില്ലെന്ന് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ കെ. ശ്യാം കുമാര്‍ തെളിവെടുപ്പിനിടെ പറഞ്ഞു.  സംസ്ഥാന സര്‍ക്കാറില്‍ നിന്ന് പുനരധിവാസം ഉണ്ടാകില്ലെന്ന് എ.ഡി.എം ടി.പി. സുഭാഷും വ്യക്തമാക്കി
കുടിയൊഴിപ്പിച്ചാല്‍ കൂട്ട ആത്മഹത്യയെന്ന് ജനംSocialTwist Tell-a-Friend

No comments:

Post a Comment