Tuesday, April 20, 2010

നാലുവരിക്ക് ആരാണ് തടസ്സം? - സി.ആര്‍. നീലകണ്ഠന്‍

Mathrubhumi Daily - 20 Apr 2010

ദേശീയപാതകളുടെ (17, 47) നാലുവരിയാക്കല്‍ പദ്ധതിക്ക് തടസ്സമാകുന്നത് ഭൂമി നഷ്ടപ്പെടുന്ന കുറച്ചുപേരുടെ സമരമാണെന്നും ഈ വന്‍ വികസനപദ്ധതിയെ തുരങ്കം വെക്കുന്ന നിലപാട് 'മാതൃഭൂമി'പോലുള്ള പത്രങ്ങള്‍ ഏറ്റെടുക്കരുതെന്നും പറയുന്ന ചില കത്തുകള്‍ 'മാതൃഭൂമി'യില്‍ത്തന്നെ വരികയുണ്ടായി. കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെയാണിങ്ങനെ പറയുന്നത്.എക്‌സ്​പ്രസ്‌ഹൈവേപോലുള്ള വിനാശപദ്ധതികള്‍ വന്നപ്പോള്‍ ഇതിനുപകരം ദേശീയപാതകള്‍ വികസിപ്പിക്കുകയാണ് വേണ്ടതെന്ന് സമരക്കാരോട് സംവദിച്ച പത്രമാണ് 'മാതൃഭൂമി'. എന്നാലിപ്പോള്‍ ഇവ നാലുവരിയാക്കുന്നതിന് ആരാണ് തടസ്സംനില്‍ക്കുന്നത്. വീട് നഷ്ടപ്പെടുന്നവരോ സമരക്കാരോ പത്രക്കാരോ അല്ല, സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍തന്നെയാണ്.


1972ലാണ് ദേശീയപാത 17ന്റെ നാലുവരിയാക്കല്‍ പദ്ധതി രൂപംകൊണ്ടത്. 3.5 മീറ്റര്‍ വീതമുള്ള നാലുവരിപ്പാത പണിയാന്‍ പരമാവധിവേണ്ടത് 22 മീറ്ററാണ്. 30 മീറ്ററുണ്ടെങ്കില്‍ ആറുവരിപ്പാതതന്നെയാക്കാം. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ്സിന്റെ ഈ കണക്കുവെച്ച് പലയിടത്തും 30 മീറ്റര്‍ വീതം സ്ഥലം ഏറ്റെടുത്തു. ദേശീയപാത 17ന്റെ തുടക്കമായ ഇടപ്പള്ളിയില്‍നിന്ന് മൂത്തകുന്നംവരെ (22 കി.മീ.) ഇതിനാവശ്യമായ സ്ഥലം ഏറ്റെടുത്തിട്ട് ദശകത്തിലേറെയായി.

യാതൊരു എതിര്‍പ്പുമില്ലാതെ നക്കാപ്പിച്ചയ്ക്ക് സ്വന്തം ഭൂമി വിട്ടുകൊടുക്കാന്‍ എല്ലാവരും തയ്യാറായി. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത് നാലുവരിപ്പാതയ്ക്ക് 45 മീറ്റര്‍ സ്ഥലം ഏറ്റെടുക്കണമെന്നാണ്. ഇതിലൂടെ നിര്‍മിക്കുന്ന പാത 3.5 മീറ്റര്‍ വീതിയുള്ള നാലുവരിപാത തന്നെയാണ്. റോഡ് ഒട്ടും വലുതാകുന്നില്ല. എന്നിട്ടും അധികഭൂമി എന്തിനെന്ന ന്യായമായ ചോദ്യമാണ് ജനങ്ങള്‍ ഉയര്‍ത്തിയത്. 15 മീറ്റര്‍ അധികമെടുക്കുക വഴി പതിനായിരത്തിലേറെ വീടുകളും കടകളും തൊഴില്‍സ്ഥാപനങ്ങളും ഇടിച്ചുപൊളിക്കണം. ഇത് ഒഴിവാക്കിക്കൂടേ എന്നതാണ് ചോദ്യം.

ഇതിനു സര്‍ക്കാര്‍ പറയുന്ന മറുപടി, ഇത് സര്‍ക്കാര്‍ റോഡല്ല, ബി.ഒ.ടി. റോഡാണ് എന്നാണ്. ഒരു സ്വകാര്യ മുതലാളി (കമ്പനി) സര്‍ക്കാര്‍ നല്കുന്ന ഭൂമിയില്‍ റോഡ് നിര്‍മിച്ച് അതില്‍നിന്നും ടോള്‍പിരിച്ച് 30 വര്‍ഷം കഴിയുമ്പോള്‍ അത് തിരിച്ചുനല്കുന്ന പദ്ധതി. അങ്ങനെ പണിയാന്‍ അധിക വീതിവേണം.സര്‍ക്കാറുകള്‍ പാപ്പരാണെന്നും സ്വകാര്യ മൂലധനപങ്കാളിത്തം അനിവാര്യമാണെന്നുമാണ് വിപ്ലവ ഇടതുപക്ഷ സര്‍ക്കാര്‍ പറയുന്നത്. പൊതുമേഖലാ കമ്പനികള്‍ വില്‍ക്കുമ്പോള്‍ സമരം നടത്തുന്നവര്‍, എല്ലാ മനുഷ്യര്‍ക്കും അവകാശപ്പെട്ട (നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത) പൊതുവഴി വില്‍ക്കുന്നുവെന്നര്‍ഥം.

സര്‍ക്കാറിന് പണമില്ലെന്ന കാര്യം പരിശോധിക്കണം. റോഡിനാവശ്യമായ ഭൂമി സര്‍ക്കാര്‍ പണം മുടക്കി ഏറ്റെടുത്തു നല്കണം. ബി.ഒ.ടി.ക്ക് ആയിരത്തോളം കി.മീ. ദൂരത്തില്‍ 15 മീറ്റര്‍ അധികമായി ഏറ്റെടുക്കാന്‍ 3750 ഏക്കര്‍ ഭൂമി വേണം. ഇതിലെ കെട്ടിടങ്ങള്‍ മുതലായവയുടെ വില നല്കണം. കുടിയൊഴിയുന്നവര്‍ക്ക് പുനരധിവാസംകൂടി നല്കുകയാണെങ്കില്‍ (ഇക്കാര്യം മിണ്ടുന്നതേയില്ലയെന്നത് വലിയൊരു കുറ്റംതന്നെ) അതിനുവരുന്ന ചെലവില്‍ റോഡ് പണിയാം, ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുകയും ചെയ്യാം.

ഒരു കിലോമീറ്റര്‍ റോഡ് നിര്‍മിക്കാന്‍ 17.62 കോടി രൂപ വേണമെന്നാണവരുടെ കണക്ക്. നാലുവരിപ്പാത നിര്‍മിക്കാന്‍ കേരള പൊതുമരാമത്ത് വകുപ്പിനുവേണ്ടത് ആറുകോടിരൂപമാത്രം. തന്നെയുമല്ല നിര്‍മാണച്ചെലവിന്റെ 40 ശതമാനം സര്‍ക്കാര്‍ സബ്‌സിഡി നല്കണം. മറ്റു നിരവധി നികുതിയിളവുകളും നല്കുന്നു. അതായത് സബ്‌സിഡിമാത്രം ഏഴുകോടി രൂപയാണ്. അതിലെ ആറുകോടിക്ക് റോഡുപണിത് മുപ്പതുവര്‍ഷം ടോള്‍ പിരിച്ച് പതിനായിരക്കണക്കിനു കോടി ജനങ്ങളെ കൊള്ളയടിച്ച് നടപ്പിലാക്കുന്ന ഒരു പദ്ധതിയാണിതെന്നര്‍ഥം.

ഇതിനുപകരം ഇപ്പോള്‍ 30 മീറ്റര്‍ ഏറ്റെടുത്ത സ്ഥലത്ത് സര്‍ക്കാര്‍ ചെലവില്‍ നാലുവരിപ്പാത നിര്‍മിച്ച് ജനങ്ങളുടെ യാത്രാദുരിതം കുറയ്ക്കുകയാണ് ചെയ്യേണ്ടത്. എന്‍.എച്ച്.47ല്‍ ചേര്‍ത്തല മുതല്‍ അങ്കമാലിവരെ നിലവിലുള്ള ദേശീയപാത (നാലുവരി) നിര്‍മിക്കാന്‍ 30 മീറ്റര്‍ ഭൂമിയേ ഉപയോഗിച്ചുള്ളൂവെന്നും ഓര്‍ക്കുക.

ഇത് കുടിയൊഴിയുന്നവരുടെ മാത്രം പ്രശ്‌നമല്ല. ഈ പുതിയ ദേശീയപാതയിലൂടെ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ വന്‍ ചുങ്കം നല്‍കണം. കി.മീറ്ററിന് രണ്ടുരൂപയെങ്കിലും ഓരോ ട്രക്കും ബസ്സും നലേ്കണ്ടിവരും. ഒരു ലിറ്റര്‍ ഡീസലിന് രണ്ടുരൂപ കൂടിയപ്പോള്‍ (ഒരു കിലോമീറ്റര്‍ യാത്രയ്ക്ക് അധികച്ചെലവ് 50 പൈസ വര്‍ധിച്ചപ്പോള്‍തന്നെ) ഇത് വലിയ ആഘാതമായിരിക്കുന്നു. അതിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ സ്തംഭിപ്പിക്കുന്നു. അവര്‍തന്നെ ഓരോ കി.മീറ്റര്‍ യാത്രയ്ക്കും രണ്ടുരൂപ അധികം നല്‍കേണ്ടിവരുന്ന പാതയ്ക്കായി ജനങ്ങളെ അടിച്ചൊതുക്കാന്‍ തയ്യാറാകുന്നു.

എക്‌സ്​പ്രസ് ഹൈവേക്കെതിരെ ജനരോഷം ഉയരാന്‍ ഒരുകാരണം ഇതായിരുന്നു. ഹൈവേയില്‍ വന്നുചേരുന്ന ആയിരക്കണക്കിന് ചെറുവഴികളുണ്ട്. സാധാരണഗതിയില്‍ ഹൈവേ മുറിച്ചുകടന്ന് മറുവശത്തേക്ക് പോകാവുന്നവ. എന്നാല്‍ ഈ ചുങ്കപ്പാത വന്നാല്‍ ഈ വഴികളില്‍നിന്നും വാഹനങ്ങള്‍ക്ക് ഹൈവേയിലേക്ക് പ്രവേശിക്കാനാവില്ല. ചുങ്കപ്ലാസകള്‍വഴിയേ കടക്കാനാവൂ. റോഡിന്റെ മറുവശം കടക്കാന്‍ പല കിലോമീറ്ററുകള്‍ സഞ്ചരിച്ച് (ഫ്‌ളൈ ഓവറോ മറ്റോവഴി) വേണം.

ഇതുമൂലം പാതയ്ക്കിരുവശവും ജീവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് ഓരോ ദിവസവും അനേകം കിലോമീറ്ററുകള്‍ അധികം സഞ്ചരിക്കണം. ചുങ്കപ്പാതയായതിനാല്‍ അതിനിരുവശവുമുണ്ടായിരുന്ന കച്ചവടസ്ഥാപനങ്ങള്‍ക്കവിടെ നിലനില്‍ക്കാനാവില്ല. വന്‍കിട മാളുകളും റിസോര്‍ട്ടുകളുമാണ് ഉണ്ടാകുക. ഇതുവഴി പതിനായിരക്കണക്കിന് മനുഷ്യരുടെ ഉപജീവനമാര്‍ഗങ്ങള്‍ നഷ്ടമാകുന്നു.
ഈ പദ്ധതിക്കെതിരെ ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ സമരം ചെയ്യുന്നതിനെ പുച്ഛിക്കുന്നവരുണ്ട്.

എന്നാല്‍ ഇന്നത്തെ കേരളത്തില്‍ ഒരു സാധാരണക്കാരന്റെ കൈവശമുള്ള തുണ്ടുഭൂമിയും വീടും നഷ്ടപ്പെട്ടാല്‍ പുതിയതൊന്നുണ്ടാക്കാന്‍ (അതിനായി ഭൂമി കിട്ടാന്‍) എത്ര ബുദ്ധിമുട്ടുണ്ടാകുമെന്ന് അനുഭവിച്ചവര്‍ക്കേ മനസ്സിലാകൂ. സര്‍ക്കാര്‍ നല്കുന്ന'പൊന്നുംവില'യെന്ന നക്കാപ്പിച്ചകൊണ്ട് പത്തിലൊന്നു ഭൂമിപോലും വാങ്ങാനാവില്ല. കുടിയൊഴിപ്പിക്കപ്പെടുമ്പോള്‍ നഷ്ടമാകുന്ന തൊഴില്‍, വിദ്യാഭ്യാസ സൗകര്യങ്ങള്‍, സാമൂഹികബന്ധങ്ങള്‍ മുതലായവയുടെ വില കൂടി കണക്കിലെടുക്കണം. ഇങ്ങനെ തെരുവിലെറിയപ്പെടുന്നവരെ കളിയാക്കുകയും ഇവര്‍ വികസനത്തിന്റെ ശത്രുക്കളാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നില്ലെന്നതാണോ 'മാതൃഭൂമി' ചെയ്യുന്ന തെറ്റ്.

മൂലമ്പള്ളിയടക്കം വല്ലാര്‍പ്പാടം പദ്ധതിക്കായി കുടിയിറക്കപ്പെട്ട 326 കുടുംബങ്ങള്‍പ്പോലും തെരുവില്‍ കഴിയുകയാണ് എന്നുമോര്‍ക്കുക. നാടിന്റെ നന്മയും വികസനവും ആഗ്രഹിക്കുന്ന ആരും ചെയ്യേണ്ടത്, വികസനത്തിനുവേണ്ടി ആരെങ്കിലും ഒഴിപ്പിക്കേണ്ടിവരികയാണെങ്കില്‍ അവര്‍ക്ക് നിലവിലുള്ളതിനോളമെങ്കിലുമുള്ള പുനരധിവാസ സൗകര്യം നല്കാന്‍ സര്‍ക്കാറിനുമേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. പകരം സംവിധാനം ഏര്‍പ്പെടുത്തിയശേഷം മാത്രമേ കുടിയൊഴിപ്പിക്കാവൂ. ഒരിക്കല്‍ ഇറങ്ങിപ്പോയാല്‍ തെരുവില്‍തന്നെ കഴിയേണ്ടിവരും.

ഇവിടെ സ്വകാര്യ മുതലാളിക്ക് ലാഭമുണ്ടാക്കുന്ന പദ്ധതി വേണമെന്നു നിര്‍ബന്ധമാണെങ്കില്‍, അതിനാവശ്യമായ സ്ഥലം അവര്‍തന്നെ നേരിട്ട് ജനങ്ങളില്‍നിന്ന് വാങ്ങണം. (മറ്റെല്ലാ മുതല്‍മുടക്കുകാരും ഇതല്ലേ ചെയ്യുന്നത്) അതിനുപകരം ഇവരുടെ ഏജന്റായി സര്‍ക്കാര്‍ നില്‍ക്കുകയും പരമ ദരിദ്രരായവരെ കുടിയൊഴിക്കാന്‍ ബലംപ്രയോഗിക്കുകയും ചെയ്യുന്നത് ജനാധിപത്യവ്യവസ്ഥിതിക്ക് ചേര്‍ന്നതല്ല.

ഞാന്‍ തെരുവില്‍ക്കഴിഞ്ഞാലും സമ്പന്നര്‍ക്കുപോകാന്‍ ചുങ്കപ്പാതയുണ്ടാകട്ടെ എന്ന് സാധാരണ മനുഷ്യര്‍ ചിന്തിക്കണമെന്നാണോ പറയുന്നത്. ഇവിടെ മനുഷ്യത്വവും വിവേകവും വേണം. ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ അടിയന്തരമായി നാലുവരിപ്പാത പണിയുക, 30 മീറ്റര്‍ ഏറ്റെടുക്കുമ്പോള്‍ കുടിയിറങ്ങേണ്ടിവരുന്നവര്‍ക്ക് പുനരധിവാസ സൗകര്യമൊരുക്കുക, അതിനുശേഷം ആ ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍ ഹൈവേ നിര്‍മിക്കുക. ഇതാണ് കേരളത്തിലെ പൊതുസമൂഹം ആവശ്യപ്പെടുന്നത്. മറിച്ച് പുതിയ രൂപത്തിലുള്ള എക്‌സ്​പ്രസ് ഹൈവേക്ക് ശ്രമിച്ചാല്‍ അത് സാധ്യമായെന്നുവരില്ല.
നാലുവരിക്ക് ആരാണ് തടസ്സം? - സി.ആര്‍. നീലകണ്ഠന്‍SocialTwist Tell-a-Friend

No comments:

Post a Comment