Monday, April 19, 2010

ദേശീയപാത വികസനം: സ്ഥലമെടുപ്പില്‍ മാറ്റം

Malayala Manorama daily - April 19, 2010 - ജയന്‍ മേനോന്‍

തിരുവനന്തപുരം: ദേശീയപാത വികസനത്തിനു സ്ഥലം ഏറ്റെടുക്കുന്നതിലുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ ഹൈവേയുടെ സ്ഥലമെടുപ്പില്‍ മാറ്റം വരുന്നു. ജനരോഷം ശക്തമായ പ്രദേശങ്ങളില്‍ എംഎല്‍എമാരുടെയും എംപിമാരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് അലൈന്‍മെന്റ് മാറ്റാന്‍ ദേശീയപാത അതോറിറ്റി തത്വത്തില്‍ അംഗീകാരം നല്‍കിയത്.


സംസ്ഥാനം ആവശ്യപ്പെട്ട 14 മാറ്റങ്ങളില്‍ പതിമൂന്നും അതോറിറ്റി അംഗീകരിച്ചതായാണു സൂചന. പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയ ഡല്‍ഹി ആസ്ഥാനമായ ഇന്റര്‍ കോണ്ടിനന്റല്‍ കണ്‍സല്‍റ്റന്റ് ആന്‍ഡ് ടെക്നോക്രാറ്റ്സിനോട്  അലൈന്‍മെന്റ് പുനരവലോകനം ചെയ്യാന്‍ ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം ഔദ്യോഗിക അറിയിപ്പുണ്ടാകും. കഴക്കൂട്ടം മുതല്‍ ചേര്‍ത്തല വരെയുള്ള ഭാഗത്താണു പ്രതിഷേധം ശക്തമായിരിക്കുന്നത്.

ആരാധനാലയങ്ങളുടെ സ്ഥലം ഏറ്റെടുക്കേണ്ടിവരും എന്നതിനാല്‍ തന്നെ പലതും ജനകീയ പ്രക്ഷോഭങ്ങളായി മാറുകയാണെന്നു മരാമത്തു വകുപ്പ് അധികൃതര്‍ ദേശീയപാത അതോറിറ്റിയെ  അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നു ജനപ്രതിനിധികളും അതോറിറ്റി അധികൃതരും ഉള്‍പ്പെട്ട സംയുക്ത ഓഡിറ്റിലാണു 14  മാറ്റങ്ങള്‍ നിര്‍ദേശിച്ചത്. തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തിന്റെ സ്ഥലം ഏറ്റെടുക്കുന്നതിലായിരുന്നു പ്രധാന എതിര്‍പ്പ്. സ്മാരകത്തിന്റെ 18.4 മീറ്റര്‍ സ്ഥലം ഏറ്റെടുക്കുമ്പോള്‍ എതിര്‍വശത്തു രണ്ടു മീറ്റര്‍ മാത്രമേ ഏറ്റെടുക്കുന്നുള്ളു എന്നു പരാതി ഉയര്‍ന്നു. ഈ ഭാഗത്തെ മുഴുവന്‍ അലൈന്‍മെന്റും പുനരവലോകനം ചെയ്യാനാണു നിര്‍ദേശം.

കാഞ്ഞിരംകുളത്തെ ട്രക്ക് പാര്‍ക്കിങ്ങിനായി 13 ഏക്കര്‍ മറ്റെവിടെയെങ്കിലും കണ്ടെത്താന്‍ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാലു സ്ഥലങ്ങള്‍ കണ്ടെത്തി നല്‍കാനും അതിലൊന്നില്‍ ട്രക്ക് പാര്‍ക്കിങ് നിശ്ചയിക്കാനുമാണു ശുപാര്‍ശ. കണിയാപുരം- കഴക്കൂട്ടം ഭാഗത്തെ വികസനം ആരാധനാലയങ്ങളെ ബാധിക്കും എന്നു പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇരുവശത്തു നിന്നും ഒരുപോലെ സ്ഥലം ഏറ്റെടുക്കണമെന്ന നിര്‍ദേശം അംഗീകരിക്കും. കരുനാഗപ്പള്ളി ടൌണില്‍ എലിവേറ്റഡ് ഹൈവേയുടെ (ഉയരത്തിലുള്ള പാത) നീളം 700 മീറ്ററോളം വര്‍ധിപ്പിച്ചേക്കും.

ആലപ്പുഴ ബീച്ചിന്റെ ഒരുഭാഗം ഏറ്റെടുക്കുന്നതിലുണ്ടായ പ്രതിഷേധം നിമിത്തം പോര്‍ട്ട് അതോറിറ്റിയുടെ കൈവശമുള്ള സ്ഥലത്തുകൂടി റോഡ് നിര്‍മിക്കാമെന്നും തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. ഇതിനിടെ, സംസ്ഥാനത്തെ പ്രതിഷേധം മന്ത്രിമാര്‍ കൂടി ഏറ്റെടുത്തതോടെ പതിനയ്യായിരം കോടി രൂപയുടെ പദ്ധതി തന്നെ കേരളത്തിനു നഷ്ടപ്പെടുന്ന സ്ഥിതിയുമുണ്ടായിരുന്നു.

നാളെ മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ സര്‍വകക്ഷി യോഗത്തില്‍ ദേശീയ പാത അതോറിറ്റി ചെയര്‍മാന്‍ ബ്രിജേശ്വര്‍ സിങ് പങ്കെടുക്കുന്നുണ്ട്. അതോറിറ്റിയുടെ നിലപാട് അദ്ദേഹം ഈ യോഗത്തില്‍ വ്യക്തമാക്കും.  ഹൈവേ സ്ഥലമെടുപ്പിനെ കുറിച്ചുള്ള ആരോപണങ്ങള്‍ സാമൂഹിക-സാങ്കേതിക ഓഡിറ്റിങ്ങിനു വിധേയമാക്കുമെന്നു പൊതുമരാമത്തു വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി.

പരാതികള്‍ സംസ്ഥാനത്തിന് അനുകൂലമായ രീതിയില്‍ പരിഹരിക്കാമെന്ന ഉറപ്പ് ഹൈവേ അതോറിറ്റി നല്‍കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. പാതയുടെ വികസനത്തെ തുടര്‍ന്നു ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കിക്കൊണ്ടുള്ള പുനഃസ്ഥാപന പദ്ധതിക്കാണു സംസ്ഥാനം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത വികസനം: സ്ഥലമെടുപ്പില്‍ മാറ്റംSocialTwist Tell-a-Friend

No comments:

Post a Comment