Sunday, April 18, 2010

ഇത് ജനദ്രോഹ പാത - വി.എം.സുധീരന്റെ തുറന്നകത്ത്

Madhyamam daily - April 18, 2010

ദേശീയപാത വികസനത്തിന്റെ ജനവിരുദ്ധ പ്രശ്നങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് എഴുതിയ തുറന്ന കത്ത്
=============================================

പ്രിയപ്പെട്ട മുഖ്യമന്ത്രി,
ദേശീയപാത (എന്‍.എച്ച് 47, എന്‍.എച്ച് 17) വികസനപദ്ധതിയെ സംബന്ധിച്ച് ചര്‍ച്ചചെയ്യുന്നതിന് സര്‍വകക്ഷിയോഗം ചേരാന്‍ തീരുമാനിച്ചതായി മാധ്യമ റിപ്പോര്‍ട്ട് കണ്ടു.

വ്യാപകമായ ആക്ഷേപങ്ങളും ശക്തമായ പ്രതിഷേധങ്ങളും ഉയര്‍ന്നുവന്നിട്ടുള്ള ഈ പദ്ധതി സമഗ്രമായപുനഃപരിശോധനക്ക് വിധേയമാക്കേണ്ടതാണ്. വികസനത്തിന്റെ മറവില്‍ നമ്മുടെ സംസ്ഥാനത്തിന്റെ ജീവനാഡിയായ ദേശീയപാതയെ ബി.ഒ.ടിക്കാര്‍ക്ക് തീറെഴുതികൊടുക്കുന്ന സ്ഥിതിയാണ് വരുന്നത്. നമ്മുടെ പൊതുസമ്പത്ത് ബി.ഒ.ടിക്കാരുടെ കൈപ്പിടിയിലാകുന്ന അവസ്ഥ മാറണം. അവരെ ഒഴിവാക്കി നേരത്തെ നിശ്ചയിച്ചിരുന്നതുപോലെ 30 മീറ്റര്‍ വീതിയില്‍തന്നെ ദേശീയപാതവികസനം കേന്ദ്ര^സംസ്ഥാനസര്‍ക്കാറുകള്‍ നേരിട്ട് ഏറ്റെടുത്ത് നടപ്പാക്കണം.

ഇപ്പോള്‍തന്നെ കരമന മുതല്‍ കളിയിക്കാവിള വരെ ദേശീയപാത 47 ന്റെ ഭാഗം നാലുവരിപാതയായി 30.2 മീറ്റര്‍ വീതിയിലും 1.5 മീറ്റര്‍ മീഡിയനുമായി  വികസനം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണല്ലോ. എന്തുകൊണ്ട് ദേശീയപാതയുടെ മറ്റു ഭാഗത്തേക്കുകൂടി ഈ സമീപനം ബാധകമാക്കിക്കൂടാ? നിര്‍ദിഷ്ട എന്‍.എച്ച് 47, എന്‍.എച്ച് 17 വികസനപദ്ധതി ജനദ്രോഹത്തില്‍ വളരെ മുന്നിലാണ്.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിയും പുരയിടങ്ങളും വാസസ്ഥലങ്ങളും തൊഴിലിടങ്ങളും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ ആശ്വാസ^പുനരധിവാസപദ്ധതികള്‍ ഇല്ല. സാധാരണയാത്രക്കാര്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ വേറെ.

അതേസമയം ബി.ഒ.ടി കാര്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍, നിലവിലുള്ള എന്‍.എച്ച് വിട്ടുകൊടുക്കുക, പുതുതായി സ്ഥലം ഏറ്റെടുത്ത് നല്‍കുക, 30 വര്‍ഷത്തെ വന്‍ ടോള്‍സൌകര്യം, ടോള്‍നിരക്ക് പരിഷ്കരിക്കാനുള്ള അവസരം, വിവിധ ഇനങ്ങളില്‍ നികുതി ഒഴിവ്/ഇളവ്, പാതയോരങ്ങളില്‍ കച്ചവടകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ തുടങ്ങാനുള്ള അവസരങ്ങള്‍, നിര്‍മാണത്തിന് അസാധാരണനിരക്ക്. പി.ഡബ്ല്യു.ഡി പ്രകാരം ഒരു കിലോമീറ്റര്‍ ദേശീയപാത നിര്‍മാണത്തിന് ആറു കോടി രൂപ കണക്കാക്കപ്പെടുന്നു. എന്നാല്‍ ബി.ഒ.ടി പാതക്ക് ഒരുകിലോമീറ്റര്‍ നിരക്ക്^ 17.6 കോടി.  ഇതിന് പുറമെ നിര്‍മാണച്ചെലവിന്റെ 40 ശതമാനം സര്‍ക്കാര്‍ ഗ്രാന്റ്. യഥാര്‍ഥത്തില്‍ വന്‍നിലയില്‍ ഉയര്‍ത്തിക്കാട്ടിയ ബി.ഒ.ടി റേറ്റിന്റെ 40 ശതമാനം ഗ്രാന്റ്തുക ഉണ്ടെങ്കില്‍ തന്നെ ദേശീയപാത സര്‍ക്കാറിന് നേരിട്ട് വികസിപ്പിക്കാവുന്നതല്ലേ?
ഈ പദ്ധതിക്കുവേണ്ടി മുറിക്കേണ്ടിവരുന്ന മരങ്ങള്‍, റോഡ് ഉയര്‍ത്തുന്നതിന് മണ്ണ് ലഭ്യമാക്കുന്നതിന് ഇടിച്ചുനിരത്തേണ്ടിവരുന്ന കുന്നുകള്‍, ഇതെല്ലാം ഉണ്ടാക്കാനിടയുള്ള പാരിസ്ഥിതിക ആഘാതങ്ങള്‍ എത്രമാത്രം. ഈ പദ്ധതിയെക്കുറിച്ച് സുതാര്യമായ പഠനം ഉണ്ടായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് താഴെ പറയുന്ന കാര്യങ്ങള്‍ ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

1. ഈ പദ്ധതിയുടെ പാരിസ്ഥിതിക^സാമൂഹിക^സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന സുതാര്യപഠനം നടത്തുക.
2. ഇപ്പോഴത്തെ നിലയില്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനുള്ള നടപടികള്‍ ഉപേക്ഷിക്കുക.
3. സമഗ്രപഠനത്തിനുശേഷം ബന്ധപ്പെട്ട പ്രദേശങ്ങളിലെ ജനപ്രതിനിധികളും ഹൈവേ ആക്ഷന്‍ ഫോറം പ്രതിനിധികളുമായി ചര്‍ച്ചനടത്തി സമവായത്തിലെത്തുക.
4. സംസ്ഥാനത്തെ ഉയര്‍ന്ന ജനസാന്ദ്രത ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കണക്കിലെടുത്ത് 30 മീറ്റര്‍ വീതിയില്‍ തന്നെ ദേശീയപാത വികസനം കേന്ദ്ര^സംസ്ഥാന സര്‍ക്കാറുകള്‍ നേരിട്ട് ഏറ്റെടുത്ത് നടപ്പാക്കുക.
5. ബി.ഒ.ടി വ്യവസ്ഥ ഒഴിവാക്കുക.
6. ഈ വക കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാറിന്റെ മുന്നില്‍കൊണ്ടുവരുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എം.പിമാരും മറ്റ് ബന്ധപ്പെട്ട മന്ത്രിമാരും ഹൈവേ ആക്ഷന്‍ ഫോറം പ്രതിനിധികളും ചേര്‍ന്ന് ഉന്നതതല പ്രതിനിധിസംഘം പ്രധാനമന്ത്രിയെയും മറ്റ് ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരെയും നേരില്‍ കണ്ട് ചര്‍ച്ച നടത്തുക.

ഈ കാര്യങ്ങളിലെല്ലാം അങ്ങയുടെ പ്രത്യേക പരിഗണന ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു. 
ഇത് ജനദ്രോഹ പാത - വി.എം.സുധീരന്റെ തുറന്നകത്ത്SocialTwist Tell-a-Friend

2 comments:

  1. ഈ കത്ത് വി എം സുധീരന്‍ പ്രധാനമന്ത്രിക്കായിരുന്നു

    ReplyDelete
  2. 1. ഈ പദ്ധതിയുടെ പാരിസ്ഥിതിക^സാമൂഹിക^സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന സുതാര്യപഠനം നടത്തുക.

    പഠനം നടത്തി ഒന്നും ഈ നാട്ടില്‍ നടത്തരുത്

    2. ഇപ്പോഴത്തെ നിലയില്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനുള്ള നടപടികള്‍ ഉപേക്ഷിക്കുക.

    അതെ റോഡില്‍ കിടന്നു എല്ലാവരും ചാകട്ടെ

    3. സമഗ്രപഠനത്തിനുശേഷം ബന്ധപ്പെട്ട പ്രദേശങ്ങളിലെ ജനപ്രതിനിധികളും ഹൈവേ ആക്ഷന്‍ ഫോറം പ്രതിനിധികളുമായി ചര്‍ച്ചനടത്തി സമവായത്തിലെത്തുക.

    സമവായത്തിലെത്തുക എന്നത് ഒരിക്കലും നടക്കില്ല എന്ന് നന്നായി അറിയാം

    4. സംസ്ഥാനത്തെ ഉയര്‍ന്ന ജനസാന്ദ്രത ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കണക്കിലെടുത്ത് 30 മീറ്റര്‍ വീതിയില്‍ തന്നെ ദേശീയപാത വികസനം കേന്ദ്ര^സംസ്ഥാന സര്‍ക്കാറുകള്‍ നേരിട്ട് ഏറ്റെടുത്ത് നടപ്പാക്കുക.

    ജനസാന്ദ്രത കുടുമ്പോള്‍ ഏറ്റവും ചെറിയ ഒരു റോഡാണ് വേണ്ടത്

    5. ബി.ഒ.ടി വ്യവസ്ഥ ഒഴിവാക്കുക.

    അതെ ഒന്നും വേണ്ടാ

    6. ഈ വക കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാറിന്റെ മുന്നില്‍കൊണ്ടുവരുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എം.പിമാരും മറ്റ് ബന്ധപ്പെട്ട മന്ത്രിമാരും ഹൈവേ ആക്ഷന്‍ ഫോറം പ്രതിനിധികളും ചേര്‍ന്ന് ഉന്നതതല പ്രതിനിധിസംഘം പ്രധാനമന്ത്രിയെയും മറ്റ് ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരെയും നേരില്‍ കണ്ട് ചര്‍ച്ച നടത്തുക.

    വര്‍ഷങ്ങള്‍ ആലപ്പുഴയുടെ mp യായി ഇരുന്ന ആളല്ലേ എന്തുകൊണ്ട് ചര്‍ച്ച ചെയ്തു ബൈപാസ് ഉപയോഗ്യമാക്കില്ല?

    ഈ കാര്യങ്ങളിലെല്ലാം അങ്ങയുടെ പ്രത്യേക പരിഗണന ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

    ഈ കാര്യങ്ങളിലെല്ലാം ജനങളുടെ മനസ്സില്‍ ഉണ്ടായിരുന്നു അതുകൊണ്ടാണ് വികസന വിരോധികളെ അവര്‍ ജയ്പ്പിക്കാത്തത്

    ReplyDelete