Thursday, April 15, 2010

മാതൃകാറോഡ് നിര്‍മ്മിച്ച് പ്രതിരോധത്തിന്റെ പുതിയമുഖം

Madhyamam Daily - Thursday, April 15, 2010

ജനങ്ങളെ കുടിയൊഴിപ്പിച്ചുള്ള ബി.ഒ.ടി ദേശീയപാതക്കെതിരായ സമരത്തിനു പുതിയമുഖം നല്‍കി സോളിഡാരിറ്റി മാതൃകാറോഡ് നിര്‍മിച്ചു. നിലവിലെ 30 മീറ്ററില്‍ എങ്ങനെ നാലുവരിപ്പാത നിര്‍മിക്കാമെന്ന് കാണിച്ചുകൊടുത്ത സോളിഡാരിറ്റിയുടെ പ്രവര്‍ത്തനം കക്ഷിനേതാക്കളുടേയും ജനങ്ങളുടെയും പ്രശംസ പിടിച്ചുപറ്റി. ദേശീയപാതക്ക് ആവശ്യമായ എല്ലാ സം‌വിധാനങ്ങളും ഉള്‍പെടുത്തിയാണ്‌ കളര്‍കോട് തൂക്കുകുളം ഭാഗത്ത് ദേശീയപാതയോട് ചേര്‍ന്ന് മനോഹരമായി മാതൃകാപാത നിര്‍മിച്ചത്. ബുധനാഴ്‌ച രാവിലെ സ്ഥാപിച്ച മാതൃകാപാത കാണാന്‍ നിരവധി ആളുകള്‍ എത്തിയിരുന്നു. പാത വികസനത്തിനു 45 മീറ്റര്‍ വേണമെന്ന നിലപാടിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്ന സമരമായിരുന്നു ഇത്.


മാതൃകാറോഡിന്റെ ഇരുവശത്തും ഒന്നര മീറ്റര്‍ നടപ്പാത, ഒരു മീറ്ററില്‍ മനോഹരമായ മീഡിയന്‍ എന്നിവയും, അതിനു ഇരുവശത്തും നടപ്പാതയോട് ചേര്‍ന്നും ഒരു മീറ്ററില്‍ കല്ലു പാകിയ നിരത്തും, ഒരു വരി പാതക്ക് 3.5 മീറ്റര്‍ വീതം വീതിയെടുത്തുമാണ്‌ 22 മീറ്ററില്‍ റോഡ് നിര്‍മിച്ചത്. ഇത്തരത്തില്‍ റോഡ് വികസനം സാധ്യമാണെന്നിരിക്കെ കുടിയൊഴിപ്പിക്കലും വ്യാപകമായ നാശനഷ്‌ടവും വരുത്തി ബി.ഒ.ടി പാത ഉണ്ടാക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന് സമരപ്രതിരോധത്തില്‍ പങ്കെടുത്തവര്‍ പ്രഖ്യാപിച്ചു. പാത വികസനത്തിന്റെ ഇര കൂടിയായ സുഭദ്രാമ്മ തോട്ടപ്പള്ളി മാതൃകാറോഡ് നിര്‍മ്മാണം ഉദ്ഘാടനം ചെയ്‌തു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടരി പി.ഐ.നൗഷാദ് കൊടി ഉയര്‍ത്തി റോഡ് സമര്‍പ്പിച്ചു.
 
 
പൊതുവഴികള്‍ സ്വകാര്യവത്കരിക്കുന്നത് ജനാധിപത്യത്തിന്റെ അപചയം -കൃഷ്ണയ്യര്‍

കൊച്ചി: പൊതുവഴികള്‍ സ്വകാര്യവത്കരിക്കാനുള്ള ശ്രമം ജനാധിപത്യത്തിന്റെ അധഃപതനമാണെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍. പൊതുവഴികള്‍ സ്വകാര്യവത്കരിക്കരുതെന്ന് ആവശ്യപ്പെട്ട് എറണാകുളം ടൌണ്‍ഹാളിന് മുന്നില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച ഏകദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമായതെല്ലാം സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച കാലടി സംസ്കൃത സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. കുടിയൊഴിപ്പിച്ചവര്‍ക്ക് പദ്ധതി പ്രദേശത്തുതന്നെ പുനരധിവാസം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹൈവേ വികസനത്തിന്റെ പേരിലെ പകല്‍ക്കൊള്ള അനുവദിക്കാനാവില്ലെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന്‍ പറഞ്ഞു.

എക്സ്പ്രസ് ഹൈവേ പോലെ സാധാരണക്കാരന് പ്രവേശനമില്ലാത്തതാണ് ബി.ഒ.ടി പാതയെന്ന് സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു.

സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് എം.എം. മുഹമ്മദ് ഉമ്മര്‍ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഫ്രാന്‍സിസ് കളത്തുങ്കല്‍, ഖാലിദ് മുണ്ടപ്പിള്ളി, ഹാഷിം ചേന്ദമ്പിള്ളി എന്നിവര്‍ പങ്കെടുത്തു. യുവ കവികളുടെ കവിതാലാപനം ഇരകളുടെ ഒത്തുചേരലും യുവജന സംഗമവും നടന്നു.
മാതൃകാറോഡ് നിര്‍മ്മിച്ച് പ്രതിരോധത്തിന്റെ പുതിയമുഖംSocialTwist Tell-a-Friend

No comments:

Post a Comment