Monday, April 12, 2010

45 മീറ്റര്‍ റോഡ് ആര്‍ക്കുവേണ്ടി?

കേരളത്തിലെ ദേശീയപാതകള്‍ വീതികൂട്ടി നാലുവരിയാക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ മുന്നോട്ടുപോവുകയാണല്ലോ. 45 മീറ്റര്‍ കണക്കാക്കി സ്ഥലം ഏറ്റെടുക്കുന്ന നടപടിമൂലം ദേശീയപാത 17ല്‍ ഇടപ്പള്ളി മുതല്‍ കണ്ണൂര്‍ ജില്ലയിലെ തലപ്പാടിവരെ മാത്രം ആറു ലക്ഷത്തോളം പേര്‍ കുടിയൊഴിപ്പിക്കപ്പെടും. ഇടിച്ചുനിരത്തേണ്ടിവരുന്ന വാണിജ്യ^വ്യാപാര സ്ഥാപനങ്ങളുടെ എണ്ണവും ആയിരക്കണക്കിനുവരും. ദേശീയപാത 47മായി ബന്ധപ്പെട്ട് തെരുവാധാരമാവുന്നവരുടെ എണ്ണം എട്ടു ലക്ഷത്തോളം വരുമെന്നാണ് ഏകദേശ കണക്ക്. പണിത് പ്രവര്‍ത്തിപ്പിച്ച് കൈമാറുക (ബി.ഒ.ടി) എന്ന വ്യവസ്ഥയില്‍ വിദേശ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനാണ് തീരുമാനം. ലോകബാങ്കിന്റെയും ഏഷ്യന്‍ വികസന ബാങ്കിന്റെയും നിര്‍ദേശങ്ങളാണ് ഈ തീരുമാനത്തിനു പിന്നിലെന്നു വ്യക്തം. വില്‍ബര്‍സ്മിത്ത് അസോസിയേറ്റ്സ് എന്ന വിദേശ ഏജന്‍സിയാണ് ഇടപ്പള്ളി^കുറ്റിപ്പുറം നാലുവരിപ്പാതയുടെ സാധ്യതാപഠനം പൂര്‍ത്തിയാക്കിയത്. വിദേശ കമ്പനികള്‍ക്ക് നിര്‍ണായക ഷെയറുകളുള്ളതും ആന്ധ്രപ്രദേശിലെ ഒരു എം.പിക്ക് 'പ്രത്യേക' താല്‍പര്യമുള്ളതുമായ ഗുരുവായൂര്‍ ഇന്‍ഫ്രാ സ്ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന വ്യാജ സ്വദേശി മുഖംമൂടിയണിഞ്ഞ കമ്പനിയാണ് തൃശൂര്‍ ജില്ലയിലെ മണ്ണുത്തി മുതല്‍ എറണാകുളം ജില്ലയിലെ അങ്കമാലി വരെ 45 മീറ്റര്‍ വീതിയുള്ള 65.30 കിലോമീറ്റര്‍ റോഡ് നിര്‍മാണ രംഗത്തുള്ളത്.

സൌകര്യപ്രദമായ നാലുവരിപ്പാത നിര്‍മിക്കാന്‍ 30 മീറ്റര്‍ വീതി തന്നെ ധാരാളം. എന്നിട്ടും 45 മീറ്റര്‍ വേണമെന്ന ശാഠ്യത്തിനുപിന്നില്‍ അഴിമതികളുടെ സൂചനകളാണ് ഉള്ളതെന്ന് പിന്നാമ്പുറ ചര്‍ച്ചകളില്‍ വെളിവാകുന്നു. സര്‍ക്കാറിന്റെ കൈയില്‍ പണമില്ലാത്തതുകൊണ്ടാണ് ദേശീയപാതകള്‍ നിര്‍മിക്കാന്‍ ബി.ഒ.ടി മുതലാളിമാരെ തേടുന്നത് എന്ന വാദം ശുദ്ധ അസംബന്ധമാണ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് വിദഗ്ധര്‍ തയാറാക്കിയ കണക്കനുസരിച്ച് നാലുവരിപ്പാത ഒരു കിലോമീറ്റര്‍ നിര്‍മിക്കാന്‍ ആറു കോടി രൂപ മതിയാകുമെന്ന് സമ്മതിക്കുമ്പോള്‍ നിര്‍ദിഷ്ട നാലുവരിപ്പാത നിര്‍മിക്കാന്‍ കിലോമീറ്ററിന് 17.6 കോടി രൂപ വേണ്ടിവരുമെന്നാണ് കേന്ദ്ര ദേശീയപാത അതോറിറ്റി കണക്കാക്കുന്നത്. ഈ തുകയുടെ 32 മുതല്‍ 40 ശതമാനംവരെ ബി.ഒ.ടിക്കാരന് മുന്‍കൂര്‍ സബ്സിഡിയായി നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ മുന്‍കൂര്‍ നല്‍കുന്ന സബ്സിഡി തുക മാത്രം ഉപയോഗിച്ച് പി.ഡബ്ല്യു.ഡി അംഗീകരിച്ച എസ്റ്റിമേറ്റ് പ്രകാരം മുഴുവന്‍ പാതയുടെയും പണി പൂര്‍ത്തിയാക്കാനാവും. ഇതിനുപുറമെ റോഡ് നിര്‍മാണാവശ്യവുമായി ബന്ധപ്പെട്ട് ഇറക്കുമതി ചെയ്യുന്ന യന്ത്രസാമഗ്രികള്‍ക്ക് പൂര്‍ണമായും സര്‍ക്കാര്‍ ചുങ്കം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനുപുറമെയാണ് പണി പൂര്‍ത്തിയായശേഷം തുടര്‍ന്നുള്ള 30 വര്‍ഷത്തേക്ക് റോഡ് ഉപയോക്താക്കളില്‍നിന്നും ചുങ്കം പിരിക്കാനുള്ള അനുമതി ബി.ഒ.ടിക്കാരന് നല്‍കിയത്. ചുങ്കം കാലാനുസൃതമായി വര്‍ധിപ്പിക്കാനുള്ള അനുമതിപത്രവും അതിന്റെകൂടെയുണ്ട്.

ഈ രീതിയില്‍ സംസ്ഥാനത്ത് ദേശീയപാതകള്‍ വികസിപ്പിക്കേണ്ടതുണ്ടോ എന്നതാണ് കേരളീയ ജനതയില്‍ ബഹുഭൂരിപക്ഷവും ഉയര്‍ത്തുന്ന ചോദ്യം. സമൂഹത്തിലെ 15 ശതമാനത്തില്‍ താഴെവരുന്ന വരേണ്യവിഭാഗത്തിന്റെ ആവശ്യം നിറവേറ്റുന്നതിനുവേണ്ടി കേരള ജനത നൂറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന പാതകളും അവയിലൂടെയുള്ള സഞ്ചാരസ്വാതന്ത്യ്രവും ഏതെങ്കിലും സ്വകാര്യ തമ്പുരാന് അടിയറ വെക്കേണ്ടതുണ്ടോ? ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളാണ് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടത്. 45 മീറ്റര്‍ ദേശീയപാത എന്നത് ചോദ്യം ചെയ്യപ്പെടാനാവാത്ത ഒന്നാണെന്ന മട്ടില്‍ ഈ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാറും അതിനെ നയിക്കുന്ന മുഖ്യ രാഷ്ട്രീപാര്‍ട്ടിയും പാലിക്കുന്ന മൌനം ദുരൂഹമാണ്. പ്രതിപക്ഷ മുഖ്യധാരാ പാര്‍ട്ടിയും ഇവരുടെ 'പാത'യില്‍തന്നെ. ഇതിനിടയിലാണ് ദേശീയപാതയുടെ അലൈന്‍മെന്റ് വമ്പന്‍ മുതലാളിമാര്‍ക്കുവേണ്ടി ചിലയിടങ്ങളില്‍ വഴിമാറി പോകുന്നതായും അതിന്റെ പിന്നില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഓരോ വര്‍ഷവും കോടികള്‍ ലാഭം കൊയ്യാമെന്ന് ഉറപ്പുള്ള ബി.ഒ.ടിക്കാരന്‍ ഈ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളേയും വിലക്കെടുത്തിട്ടുണ്ടോ എന്ന സംശയം ന്യായമായും ഉയരുന്നു. 45 മീറ്റര്‍ നിര്‍ദേശം പൂര്‍ണമായും തള്ളിക്കളഞ്ഞ് മുപ്പതോ അതില്‍ കുറവോ വീതിയില്‍ നാലുവരിപ്പാത നിര്‍മിക്കാന്‍ സര്‍ക്കാര്‍ തന്നെ തയാറാകണം. എന്നിട്ടും കുടിയൊഴിപ്പിക്കപ്പെടേണ്ടിവരുന്നവര്‍ക്ക് മുന്‍കൂര്‍ പുനരധിവാസവും മാര്‍ക്കറ്റ് വിലയനുസരിച്ച് നഷ്ടപരിഹാരവും നല്‍കണം. അതിനു തയാറല്ലെങ്കില്‍ നൂറുകണക്കിന് കുടുംബങ്ങളുടെ കൂട്ട ആത്മഹത്യക്ക് കേരളം സാക്ഷ്യംവഹിക്കേണ്ടിവരും. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത് കേന്ദ്ര^സംസ്ഥാന സര്‍ക്കാറുകള്‍തന്നെയാണ്.

കെ.ആര്‍. സുകുമാരന്‍, ട്രഷറര്‍, ദേശീയപാത
കുടിയിറക്കു^സ്വകാര്യവത്കരണ വിരുദ്ധ സമരസമിതി
(മാധ്യമം ദിനപത്രം - 12-04-2010)
45 മീറ്റര്‍ റോഡ് ആര്‍ക്കുവേണ്ടി?SocialTwist Tell-a-Friend

No comments:

Post a Comment