Sunday, April 18, 2010

ദേശീയ പാത വികസനം: സര്‍വകക്ഷി യോഗത്തില്‍ സമര സംഘടനകളെയും ഉള്‍പ്പെടുത്തണം




Madhyamam Daily - April 18, 2010.

കൊച്ചി: ദേശീയ പാത പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 20 ന് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ സമരം ചെയ്യുന്ന സംഘടനകളെക്കൂടി  ഉള്‍പ്പെടുത്തണമെന്ന് എന്‍.എച്ച് 17 സംസ്ഥാന ആക്ഷന്‍ കൌണ്‍സില്‍ ആവശ്യപ്പെട്ടു. പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ സമരത്തെ അവഗണിക്കുകയാണ്. എന്നാല്‍, നിയമസഭയില്‍ പ്രാതിനിധ്യമുള്ളവരെന്ന നിലയില്‍ ഈ കക്ഷികളെ മാത്രമാണ് യോഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആക്ഷന്‍ കൌണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ ടി.കെ. സുധീര്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.



സമരസമിതി നേതാക്കളെയും സംഘടനകളെയും ഒഴിവാക്കി നടത്തുന്ന സര്‍വകക്ഷി യോഗം പ്രയോജനകരമാകില്ല. എന്‍.എച്ച് 17 കേരള സ്റ്റേറ്റ് ആക്ഷന്‍ കൌണ്‍സില്‍, ഹൈവേ ആക്ഷന്‍ ഫോറം, സോളിഡാരിറ്റി, ജനകീയ പ്രതിരോധ സമിതി, എസ്.യു.സി.ഐ, കുടിയിറക്ക് സ്വകാര്യവത്കരണവിരുദ്ധ സമിതി, ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങിയ സംഘടനകളെ യോഗത്തിലേക്ക് വിളിക്കണം. ഇക്കാര്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് ഫാക്സ് സന്ദേശം അയച്ചതായും സുധീര്‍ കുമാര്‍ പറഞ്ഞു.

എന്‍.എച്ച് 17 വികസന പ്രവര്‍ത്തനങ്ങള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന് ആക്ഷന്‍ കൌണ്‍സില്‍ സംസ്ഥാന കോ ഓഡിനേറ്റര്‍ ഹാഷിം ചേന്ദമ്പിള്ളി പറഞ്ഞു. ലക്ഷങ്ങള്‍ കുടിയിറങ്ങേണ്ടിവരുന്ന ഇത്തരമൊരു പദ്ധതിയില്‍ പരാതിയുണ്ടെങ്കില്‍ ഡെപ്യൂട്ടി കലക്ടറെ അറിയിക്കണമെന്നാണ് നിയമം. പരാതിയില്‍ അദ്ദേഹത്തിന് തീരുമാനമെടുക്കാം. എന്നാല്‍, ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെ ജനാധിപത്യവിരുദ്ധ നടപടികളാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായത്. എന്‍.എച്ച് 47 വികസനത്തിന് എല്ലായിടത്തും 30 മീറ്റര്‍ ഏറ്റെടുത്തിട്ടും ചേര്‍ത്തലമുതല്‍ അങ്കമാലിവരെ മാത്രമേ നാലുവരിപ്പാതയാക്കിയിട്ടുള്ളൂ.

എന്‍.എച്ച് സ്വകാര്യവത്കരണം ഉള്‍പ്പെടെ പ്രശ്നങ്ങള്‍ ഉന്നയിച്ച് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ 37 സാമൂഹിക, സാംസ്കാരിക നായകര്‍ ഒപ്പുവെച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ജനകീയ പ്രതിരോധ സമിതി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ഫ്രാന്‍സിസ് കളത്തുങ്കലും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ദേശീയ പാത വികസനം: സര്‍വകക്ഷി യോഗത്തില്‍ സമര സംഘടനകളെയും ഉള്‍പ്പെടുത്തണംSocialTwist Tell-a-Friend

No comments:

Post a Comment